ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ നിരസിക്കാൻ ആഹ്വാനം ചെയ്ത് വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക് . ഇസ്ലാമിക സ്ഥാപനങ്ങളിലും സ്വത്തുക്കളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും , ബില്ലിനെ എതിർക്കണമെന്നുമാണ് സാക്കിർ നായിക് ഇന്ത്യയിലെ മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്തത്.
ഇസ്‌ലാമിന്റെ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് ബില്ലെന്നും , കുറഞ്ഞത് അഞ്ച് ദശലക്ഷം മുസ്‌ലിംകളെങ്കിലും ബില്ലിനെതിരെ രംഗത്ത് വരണമെന്നുമാണ് സാക്കിർ പറയുന്നത്.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക, വഖഫ് ഭേദഗതി ബിൽ നിരസിക്കുക, ഇസ്ലാമിക സ്ഥാപനങ്ങളുടെ സമഗ്രതയെയും ഭാവിയെയും തകർക്കുന്ന ഭീഷണിയാണ് ബിൽ. ബിൽ പാസാകുകയാണെങ്കിൽ ഇഹത്തിലും പരത്തിലും ബാധ്യതകൾ ഉണ്ടാകുമെന്നുമൊക്കെയാണ് സക്കിറിന്റെ വാദം.
‘ വഖഫ് സ്വത്തിൽ മുസ്ലീങ്ങൾക്ക് മാത്രമേ അവകാശമുള്ളൂ. അമുസ്‌ലിംകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. ഈ ബിൽ പാസായാൽ വരും തലമുറകളിൽ ദൈവകോപം നമ്മുടെയെല്ലാം മേൽ വരും. വഖഫ് നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 50 ലക്ഷം മുസ്ലീങ്ങളെങ്കിലും ഒന്നിക്കണം.വഖഫ് ഭേദഗതി ബിൽ നിരസിക്കുക. ആളുകൾ എന്തെങ്കിലും തിന്മകൾ കാണുകയും അത് മാറ്റാതിരിക്കുകയും ചെയ്താൽ, ഉടൻ തന്നെ അല്ലാഹു എല്ലാവർക്കുമെതിരെ അവന്റെ ശിക്ഷ ഇറക്കും.
മുസ്ലീം വഖഫ് സ്വത്തുക്കൾ ഉമ്മയിൽ നിന്ന് തട്ടിയെടുക്കുന്നത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ എന്ന നിലയിൽ നമ്മൾ ഇതിന് ഉത്തരം പറയേണ്ടിവരും. വഖഫ് സ്വത്ത് പൊതു സ്വത്തല്ല. ഇത് സ്വകാര്യ സ്വത്താണ്. വഖഫ് നിയമ ഭേദഗതിയിലൂടെ മുസ്ലീങ്ങളുടെ സ്വത്ത് തട്ടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ‘ – എന്നാണ് സക്കിർ പറയുന്നത്.
അതേസമയം സക്കിർ നായിക്കിനെ വിമർശിച്ച് വഖഫ് ബോർഡ് രംഗത്തെത്തി . “ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. പാർലമെൻ്ററി സമിതി തീരുമാനിക്കട്ടെ. എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തെപ്പോലുള്ള വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം.” എന്നാണ് വഖഫ് ബോർഡ് അംഗങ്ങളുടെ നിലപാട്.















