താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണും രൺവീർ സിംഗും. ദീപികയെയും കുഞ്ഞിനെയും കാണാൻ ഓടിയെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കഴിയുന്ന താരത്തെ കാണാൻ ഇന്നലെ രാത്രിയാണ് ഷാരൂഖ് എത്തിയത്.
ഷാരൂഖിന്റെ വാഹനം ആശുപത്രിക്കുള്ളിലേക്ക് പോകുന്നതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങിലൂടെ പുറത്തുവന്നിട്ടുണ്ട്. ഈ മാസം എട്ടിനാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാനായി നിരവധി താരങ്ങൾ ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ നിന്ന് ഇരുവരേയും ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം.
കുഞ്ഞ് ജനിച്ച വാർത്തയറിഞ്ഞ് പ്രമുഖ വ്യവസായി മുകേഷ് അംബാനി ആശുപത്രിയിൽ എത്തിയിരുന്നു. കഴിഞ്ഞ ഏഴിനാണ് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പോകുന്നതിന് മുന്നോടിയായി ദീപികയും രൺവീറും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. പെൺകുഞ്ഞ് പിറന്ന വിവരം രൺവീർ സിംഗാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.