ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ നാഗമംഗല ടൗണിൽ ഗണേശ വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ മത മൗലിക വാദികൾ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷത്തെ ലഘൂകരിച്ചു കൊണ്ടുള്ള കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ പ്രസ്‍താവന വിവാദമാകുന്നു.
ഇത് ഒരു ചെറിയ സംഭവമാണെന്നും വർഗീയ കലാപമായി വിശേഷിപ്പിക്കാനാവില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യാഴാഴ്ച പറഞ്ഞു.മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം ഇവിടെ ജീവഹാനിയോ “വലിയ പ്രശ്നമോ” റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പറഞ്ഞു
“ഇന്നലത്തെ സംഭവം നടക്കാൻ പാടില്ലായിരുന്നു. ചെറിയ സംഭവമായി തുടങ്ങിയത്..പെട്ടെന്ന് അവസാനിച്ചു. കാര്യമായ പരിക്കുകളോ വാക്കേറ്റമോ ഉണ്ടായിട്ടില്ല. പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഘോഷയാത്ര നടക്കുമ്പോൾ കല്ലേറുണ്ടായി. ചില സംഘർഷങ്ങൾക്ക് ശേഷം എല്ലാം പരിഹരിച്ച് ആളുകൾ പിരിഞ്ഞുപോയപ്പോൾ ചിലർ ബൈക്കുകളും കടകളും കത്തിക്കുകയും പിന്നീട് പോലീസ്)സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തു, ”പരമേശ്വര പറഞ്ഞു.
ഇരുഭാഗത്തുനിന്നും 52 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കല്ലേറും വാഹനങ്ങളും സ്വത്തുക്കളും കത്തിക്കലും പോലുള്ള സംഭവങ്ങളിൽ പങ്കുണ്ടോ എന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് 56 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരത്തിലും മൈസൂരു-നാഗമംഗല ഹൈവേയുടെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട് . നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും വ്യാഴാഴ്ച അടഞ്ഞുകിടന്നു.
സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുന്നതിനാൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. മൈസൂരു-നാഗമംഗല റോഡിലെ ഒരു മുസ്ലീം പള്ളിക്ക് സമീപം കൂടി നിന്ന യുവാക്കളും ഘോഷയാത്രയിൽ ഉണ്ടായിരുന്നവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേ തുടർന്ന്അവർ പരസ്പരം ഏറ്റുമുട്ടുകയും കടകൾക്കും മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തുകയും ചെയ്തു.
ഘോഷയാത്രയിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ ശേഷം. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്താൻ ചിലർ ശ്രമിച്ചു. ഇരുപതോളം കടകൾക്ക് തീയിട്ടു. സംഘർഷം നാഗമംഗലയുടെ പ്രാന്തപ്രദേശങ്ങളിലേക്കും ദേശീയപാതയിലേക്കും വ്യാപിച്ചു. ഇരുമ്പ് ദണ്ഡുകളും മരക്കമ്പുകളും കല്ലുകളും ഉപയോഗിച്ച് അക്രമികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി.