ബെംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി എംപി തേജസ്വി സൂര്യ. കോൺഗ്രസും രാഹുലും ഭീകരരുമായി ചർച്ച നടത്തിയാലും ജനങ്ങൾ അത്ഭുതപ്പെടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. രാഹുലിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ പ്രകടമാകുന്നതെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. ഇൽഹാൻ ഒമറുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിൽ, ബെംഗളൂരുവിൽ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” അമേരിക്ക സന്ദർശന വേളയിൽ പാക് അനുകൂലിയും യുഎസ് കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യാ വിരുദ്ധത മാത്രം പറയുന്ന തീവ്ര ഇസ്ലാമികവാദിയും കശ്മീർ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയുമാണ് ഇൽഹാൻ ഒമർ. പാകിസ്താൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഖലിസ്ഥാൻ ഏജന്റുമാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. ഇത്തരത്തിലൊരു പ്രതിപക്ഷ നേതാവ് നാളെ ഭീകരരുമായി ചർച്ചകൾ നടത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ല.”- തേജസ്വി സൂര്യ പറഞ്ഞു.
അമേരിക്കയിലെ സന്ദർശന വേളയിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങളാണ് രാഹുൽ നടത്തിയത്. പാകിസ്താനെ അനുകൂലിക്കുന്ന വിധത്തിൽ നിരവധി പ്രസ്താവനകൾ രാഹുൽ പുറത്തുവിട്ടിരുന്നു. ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തി പാകിസ്താനെ ഉയർത്തിക്കാട്ടുന്ന പ്രവണതയിൽ നിന്നും രാഹുലിന്റെ രാജ്യസ്‌നേഹം എന്തെന്ന് മനസിലാക്കാമെന്നും തേജസ്വി സൂര്യ പറഞ്ഞു.















