ന്യൂഡൽഹി: പോർട്ട് ബ്ലയറിനെ (Port Blair) പുനർനാമകരണം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവ്. ‘ശ്രീ വിജയ പുരം’ (Sri Vijaya Puram) എന്നാണ് പുതിയ പേര്. കൊളോണിയൽ കാലത്തെ അടയാളപ്പെടുത്തലുകളിൽ നിന്ന് ഭാരതത്തെ മുക്തമാക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. പുനർനാമകരണം ചെയ്ത വിവരം ആഭ്യന്തരമന്ത്രി അമിത് ഷായാണ് എക്സിലൂടെ അറിയിച്ചത്.
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബർ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമാണ് ‘പോർട്ട് ബ്ലയർ’. ഈ പേര് കൊളോണിയൽ ലെഗസിയുടെ ഭാഗമാണെന്നും സ്വാതന്ത്ര്യത്തിനായി ഭാരതീയർ നടത്തിയ വിജയ പോരാട്ടത്തിന്റെ പ്രതീകമായി ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്യുന്നതായും ആഭ്യന്തര മന്ത്രി എക്സിൽ കുറിച്ചു.
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ളത്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവർത്തിച്ചിരുന്നതാണ് ഇവിടം. ഇന്ന് ഭാരതത്തിന്റെ തന്ത്രപരവും വികസനോന്മുഖവുമായ പദ്ധതികളുടെ അടിത്തറയായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മാറിയതായും അമിത് ഷാ പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ത്രിവർണപതാക ആദ്യമായി അനാവരണം ചെയ്തതും വീർ സവർക്കർ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളും സ്വതന്ത്ര ഭാരതത്തിനായി സെല്ലുലാർ ജയിലുകളിൽ പോരാടിയതും ഇവിടെയാണെന്ന് അമിത് ഷാ അനുസ്മരിച്ചു.