അമിതമായിജോലി ചെയ്യാൻ പൊതുവെ ആരും ഇഷ്ടപെടാറില്ല. എങ്കിലും അതിന് നിർബന്ധിതരാകുന്നവരാണ് പലരും. ജോലിസ്ഥലത്തെ സമ്മർദ്ദവും പ്രശ്നങ്ങളും ഒരു പരിധിവരെ ജീവനക്കാരെ ബാധിക്കാറുണ്ട്. ജോലിഭാരം വർദ്ധിക്കുന്നത് ആരോഗ്യത്തെ വരെ അപകടത്തിലാക്കുമെന്നാണ് പഠനങ്ങൾ. ഇത്തരത്തിൽ ഒരു വർഷമായി അമിതമായി ജോലി ചെയ്യേണ്ടിവന്ന യുവതിക്ക് 20 കിലോയോളം ശരീരഭാരം വർദ്ധിച്ചതായി കണ്ടെത്തി. 24 കാരിയായ ചൈനീസ് യുവതിക്കാണ് ഒരു വർഷം കൊണ്ട് അസാധാരണമാംവിധം ശരീരഭാരം വർദ്ധിച്ചത്.
അമിതജോലിയുടെ സമ്മർദ്ദം മൂലം 60 കിലോ ഉണ്ടായിരുന്ന യുവതിയുടെ ശരീരഭാരം ഒരു വർഷം കഴിഞ്ഞപ്പോൾ 80 കിലോയായി മാറി. തന്റെ മാനസികവും ശാരീരികവുമായ സന്തുലിതാവസ്ഥയെ ഇത് തകിടം മറിച്ചുവെന്ന് യുവതി പറയുന്നു. ഓവർവർക്ക് ഒബിസിറ്റി എന്നാണ് ഈ ശാരീരികാവസ്ഥ അറിയപ്പെടുന്നത്.
നീണ്ട ജോലി സമയവും വിരസമായ ജീവിത ശൈലിയും ജോലി സമ്മർദ്ദവും കാരണം ശരീരഭാരം പെട്ടന്ന് വർദ്ധിക്കുന്ന അവസ്ഥയാണ് ഓവർവർക്ക് ഒബിസിറ്റി. ചൈനയിൽ ഇത് സർവ സാധാരണമായി മാറിയിട്ടുണ്ട്. ഷിഫ്റ്റ് സമയത്തിനു ശേഷവും വർക്ക് ചെയ്യുന്നത് ഒരാളുടെ ജീവിതശൈലിയെത്തന്നെ മൊത്തത്തിൽ മാറ്റും. ഇത് പലതരം രോഗാവസ്ഥകളിലേക്ക് നയിക്കും. ഉറക്കക്കുറവ്, വൈകിയുള്ള അത്താഴം, അമിതഭക്ഷണം എന്നിവയാണ് ഇത്തരക്കാരെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തൽ.















