കൊച്ചി: കേരള നിയമസഭയിൽ എൽ ഡി എഫ് അംഗങ്ങൾ നടത്തിയ അതിക്രമങ്ങളിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുൻ എം.എൽ.എമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കെ. ശിവദാസൻ നായർ, എം.എ വാഹിദ്, ഡൊമിനിക് പ്രസന്‍റേഷൻ എന്നിവർക്കെതിരെ എടുത്ത കേസ് ആണ് കോടതി റദ്ദാക്കിയത്.
എൽ ഡി എഫ് എം എൽ എ മാരായിരുന്ന മുൻ എം.എൽ.എ ജമീല പ്രകാശം. കെ.കെ. ലതിക എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്നായിരുന്നു ചുമത്തിയ കുറ്റം. ഇതിനെതിരെയാണ് യു.ഡി.എഫ് എം.എൽ.എമാർ ഹൈകോടതിയെ സമീപിച്ചത്.
2015 മാർച്ച് 13ന് ധനമന്ത്രി കെ.എം. മാണി നടത്താനിരുന്ന ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘർഷമാണ് കേസിനാധാരം. ബാർ കോഴക്കേസിൽ ആരോപണ വിധേയനായതിനാൽ കെ എം മണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്നായിരുന്നു എൽ ഡി എഫ് നിലപാട്.
തുടർന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
സംഘർഷത്തിനിടെ വൻ തോതിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടു. ഈ സംഭവങ്ങൾക്കിടെ എൽ ഡി എഫിലെ വനിതാ എം എൽ എ മാരെ അപമാനിച്ചു എന്നായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കം വകുപ്പുകൾ നിലനിൽക്കില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.വനിതാ എംഎൽ എ മാർ അടക്കമുള്ളവർ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഹർജിക്കാരായ യു ഡി എഫ് എം എൽ എ മാർ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് ഉറപ്പാക്കാനാണ് ശ്രമിച്ചത്. അവർ സ്ത്രീത്വത്തെ അപമാനിക്കാനോ , മനപൂർവ്വം വനിതാ എം എൽ എ മാരെ തടഞ്ഞു വെക്കാനോ ശ്രമിച്ചിട്ടില്ല എന്ന് കോടതി കണ്ടെത്തി.
2023ലാണ് യു.ഡി.എഫ് എം.എൽ.എമാരെയും കേസിൽ പ്രതി ചേർക്കാൻ തീരുമാനിക്കുന്നത്.