ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിൽ തോക്കുധാരികൾ 14 പേരെ കൊലപ്പെടുത്തിയാതായി താലിബാൻ വെളിപ്പെടുത്തി. മധ്യ അഫ്ഗാനിസ്ഥാനിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ ദേകുന്തി പ്രവിശ്യയിലാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിൽ മറ്റ് ആറ് പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഷിയ വിഭാഗത്തിലുള്ളവരെയാണ് കൊലപ്പെടുത്തിയത്. ഷിയാ ഭൂരിപക്ഷ മേഖലയായ ദേകുന്തി അഫ്ഗാനിസ്ഥാനിലെ ഏറ്റവും ശാന്തമായ പ്രവിശ്യയാണ്.
ഇറാഖിലെ കർബലയിലെ ആരാധനാലയങ്ങൾ സന്ദർശിച്ച് മടങ്ങുകയായിരുന്ന അഫ്ഗാൻ ഷിയകളെ സ്വീകരിക്കാൻ കത്ത് നിന്നവരെയാണ് സംഘം ലക്ഷ്യമിട്ടതെന്ന്ഇറാനിയൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി ആവശ്യപ്പെട്ടു.
അക്രമികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. താലിബാന്റെ മുഖ്യ വക്താവ് സബിഹുല്ല മുജാഹിദ്
വ്യാഴാഴ്ചത്തെ അക്രമത്തെ “ക്രൂരമായ നടപടി”യെന്ന് വിശേഷിപ്പിച്ച് ശക്തമായി അപലപിച്ചു. കുറ്റവാളികളെ കണ്ടെത്തി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ ഗൗരവമായ ശ്രമങ്ങൾ നടത്തുകയാണെന്നും മുജാഹിദ് കൂട്ടിച്ചേർത്തു.
ഐഎസിനെ രാജ്യത്ത് നിന്നു ഉന്മൂലനം ചെയ്തുവെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. താലിബാന്റെ പ്രധാന എതിരാളികളായ അഫ്ഗാൻ ഐഎസ് ഗ്രൂപ്പ് കഴിഞ്ഞ മൂന്ന് വർഷമായി സ്‌കൂളുകൾ, ആശുപത്രികൾ, പള്ളികൾ, ഷിയാ പ്രദേശങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് രാജ്യത്ത് നിരന്തര ആക്രമങ്ങൾ അഴിച്ചു വിടുന്നുണ്ട്.















