ഭൂമിയിൽ അതിശയിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ചില പ്രകൃതി പ്രതിഭാസങ്ങൾ അങ്ങനെയാണ്. ആർക്കും പിടികൊടുക്കാതെ രഹസ്യങ്ങൾ ഒളിപ്പിക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഭൂമിയിൽ കാണാം. അത്തരത്തിൽ ഒന്നാണ് ചൈനയിലെ ഗുയ്ഷോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പർവ്വതം. നീണ്ട വർഷങ്ങളായി പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും അമ്പരപ്പിക്കുന്ന ഒരു ഭൂമിശാസ്ത്ര പ്രതിഭാസം ഈ പർവതത്തിന് അവകാശപ്പെടാനുണ്ട്.
“മുട്ടയിടുന്ന പർവ്വതം” എന്ന് വിളിക്കപ്പെടുന്ന ചാൻ ഡാ യാ എന്ന പാറക്കെട്ട് ആരെയും അതിശയിപ്പിക്കും. 660 പൗണ്ട് വരെ ഭാരമുള്ള വലിയ ഉരുണ്ട പാറകൾ ഈ പർവ്വതം ഉത്പാദിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. നിഗൂഢമായ ഈ പാറക്കെട്ട് കാരണം അസാധാരണമായ തെക്കുകിഴക്കൻ ചൈനീസ് ഗ്രാമം മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. ഈ “കല്ലുമുട്ടകൾ” മുപ്പത് വർഷത്തിലൊരിക്കൽ പാറയിൽ നിന്ന് വീഴുന്നതായി പറയപ്പെടുന്നു. എന്നിരുന്നാലും ശാസ്ത്രജ്ഞർക്ക് ഈ സംഭവത്തിന് കൃത്യമായ വിശദീകരണം നൽകാൻ കഴിയുന്നില്ല.
വിചിത്രമായ ഈ പാറക്കെട്ടിന് ആറ് മീറ്റർ വീതിയും 20 മീറ്റർ നീളവും മാത്രമേയുള്ളൂ. വലിപ്പമില്ലെങ്കിലെന്താ, ലോകമാകെ ഈ പ്രകൃതി സൃഷ്ടി പ്രസിദ്ധി നേടി. ഈ സംഭവം നൂറുകണക്കിന് വർഷങ്ങളായി തുടരുന്നു. മുട്ടകൾക്ക് 20 മുതൽ 60 സെൻ്റീമീറ്റർ വരെ വ്യാസമുണ്ട്. ചില വലിയ കല്ലുകൾക്ക് 600 പൗണ്ടിലധികം ഭാരമുണ്ട്. കടും നീല നിറവും, തികച്ചും മിനുസമാർന്ന, വൃത്തിയാർന്ന ഈ കല്ലുമുട്ടകൾ സൂര്യപ്രകാശത്തിൽ തിളങ്ങും.