ഗൊരഖ്പൂർ: മസ്ജിദ് അല്ല വിശ്വനാഥ ക്ഷേത്രമാണ് ജ്ഞാൻവാപിയിലുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിലെ ഗൊരഖ്പൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിർഭാഗ്യവശാൽ, ജ്ഞാൻവാപിയെ ജനങ്ങൾ വിളിക്കുന്നത് മസ്ജിദ് എന്നാണ്, പക്ഷെ യഥാർത്ഥത്തിൽ അവിടെ വിശ്വനാഥനാണുള്ളതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. നമ്മുടെ സമൂഹം ഇത് മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തിരുന്നുവെങ്കിൽ, ഭാരതം ഒരിക്കലും കോളനിവത്കരിക്കപ്പെടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാരാണസിയിൽ വച്ച് പരമശിവനെ കണ്ടുമുട്ടിയ ശങ്കരാചാര്യരെക്കുറിച്ച് ഹിന്ദു പുരാണങ്ങളിൽ പ്രതിപാദിക്കുന്ന കഥ വിശദീകരിച്ചതിനൊടുവിലാണ് അദ്ദേഹം ജ്ഞാൻവാപി വിഷയത്തെക്കുറിച്ച് പരാമർശിച്ചത്.
യുപിയിലെ കാശിയിൽ സ്ഥിതിചെയ്യുന്ന ജ്ഞാവാപി മസ്ജിദ് പണിതത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. 17-ാം നൂറ്റാണ്ടിൽ മുഗൾ രാജാവായ ഔറംഗസേബ് ഹിന്ദുക്ഷേത്രം തകർത്തതിന് ശേഷം അവിടെ മസ്ജിദ് പണിയുകയായിരുന്നുവെന്നാണ് ഹിന്ദുവിശ്വാസികൾ പറയുന്നത്. ജ്ഞാൻവാപിയിൽ നിന്ന് ഹൈന്ദവ ദേവിദേവൻമാരുടെ പ്രതിഷ്ഠകളുടെ ഭാഗങ്ങൾ ആർക്കിയോളജിക്കൽ വകുപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ എതിർത്തുകൊണ്ടാണ് മുസ്ലീം വിഭാഗം രംഗത്തെത്തിയത്.