കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതിക്ക് താങ്ങും തണലുമായി ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസം ശ്രുതിയെ ചേർത്ത് പിടിക്കാൻ അദ്ദേഹം കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തി.
ശ്രുതി ഒരിക്കലും തനിച്ചാകില്ല. അവൾ ഇപ്പോൾ എന്റെ മോളാണ്. തന്നെ കണ്ടപ്പോൾ പപ്പ കുടെയുണ്ടല്ലോ എന്ന ആശ്വാസമുണ്ട്. അവളുടെ ഏത് ആഗ്രഹവും സാധിച്ചു നൽകാൻ കൂടെയുണ്ടാകും. യാഥാർത്ഥ്യങ്ങളോട് ശ്രുതി പതുക്കെ പൊരുത്തപ്പെട്ട് വരുന്നുണ്ട്. തനിക്ക് എന്തെങ്കിലും പറ്റിയാൽ ശ്രുതി അനാഥയാകുമെന്നായിരുന്നു മോന്റെ പേടി. അതുണ്ടാകില്ല, അവളുടെ കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും. ഉരുൾപൊട്ടലിന് ശേഷം ഒരു നിമിഷംപോലും അവളെ ഒറ്റയ്‌ക്കാക്കാതെ അവൻ കൂടെയുണ്ടായിരുന്നു. ഇനി ശ്രുതിക്ക് സ്ഥിരം ജോലിയും വീടും വേണം. ശ്രുതിക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും ജയൻ ആവശ്യപ്പെട്ടു. വാഹനാപകടത്തിൽ പരിക്കേറ്റ ശ്രുതിയുടെ രണ്ട് കാലുകളിലും കഴിഞ്ഞ ദിവസം ശാസ്ത്രക്രിയ നടന്നു.