തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സ്വപ്‌ന പദ്ധതിക്ക് അന്തിമ അനുമതി. നിർദിഷ്ട ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്‌ക്കാണ് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചിരിക്കുന്നത്.
ബ്രോഡ്‌ഗേജ് ഇരട്ടപ്പാത നിർമിക്കാനാണ് റെയിൽവെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാകാനാണ് തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി ആലപ്പുഴ ജില്ലയില്‍ 23.03 ഹെക്ടര്‍ ഭൂമി റെയില്‍വേ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
ആകെ 6,450 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. 59. 23 കിലോമീറ്ററായിരിക്കും പാതയുടെ ദൂരം. പരമാവധി വേഗത 200 കിലോമീറ്ററുമാകും. വന്ദേഭാരത് ട്രെയിനുകളായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക. തീർഥാടനകാലത്തു മാത്രം തുറക്കുന്ന പാതയിലുടെ ഇടവേളകൾ ഇല്ലാതെ ട്രെയിൻ ഓടും. പാത യാഥാർത്ഥ്യമാകുന്നതോടെ 45 മിനിറ്റിൽ ചെങ്ങന്നൂരിൽ നിന്നും പമ്പയിലെത്താം.
ചെങ്ങന്നൂർ, ആറന്മുള, വടശ്ശേരിക്കര, സീതത്തോട്, പമ്പ എന്നിങ്ങനെ 5 സ്റ്റേഷനുകളാണ് റെയിൽവെ വിഭാവനം ചെയ്യുന്നത്. പുതിയ പാത വരുന്നതോടെ ശബരിപാത വേണ്ടെന്നാണ് റെയിൽവേയുടെ നിലപാട്.















