തിരുവനന്തപുരം: മൃഗശാലാ അധികൃതരെ പൊല്ലാപ്പിലാക്കി ഒരുവർഷം മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മലയാളികൾ മറന്ന് തുടങ്ങിയിട്ടില്ല. വളരെ പണിപ്പെട്ടാണ് വീണ്ടും കുരങ്ങിനെ പിടികൂടിയത്. അതുകൊണ്ടുതന്നെ ഒരു വർഷത്തോളം കൂട്ടിനുള്ളിലായിരുന്നു കുരങ്ങിനെ പാർപ്പിച്ചിരുന്നത്. എന്നാൽ ഹനുമാൻ കുരങ്ങിന് വീണ്ടും പുറംലോകം കാണാൻ അവസരം ലഭിച്ചിരിക്കുകയാണ്.
ഇത്തവണ മതിലു ചാടാതിരിക്കാൻ അധികൃതർ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. തിരുപ്പതിയിൽ നിന്നെത്തിച്ച ഹനുമാൻ കുരങ്ങാണ് ഇപ്പോൾ ഓണക്കാലത്ത് പരോൾ ലഭിച്ചിരിക്കുന്നത്. പുതിയ താമസസ്ഥലത്തേക്ക് മാറ്റിയപ്പോൾ കൂടെ ഹരിയാനക്കാരായ മൂന്ന് കൂട്ടുകാരെയും കിട്ടിയിട്ടുണ്ട്. ഏറെനാളുകൾക്ക് ശേഷം ലഭിച്ച സ്വാതന്ത്ര്യത്തിൽ ചില്ലകൾ തോറും ചാടിനടന്ന് സന്തോഷിക്കുകയാണ് കക്ഷി.
ഓണാവധി ആയതുകൊണ്ട് ഹനുമാൻ കുരങ്ങിനെ കാണാൻ കുട്ടികളും മുതിർന്നവരുമായി കാഴ്ചക്കാരും ഏറെയുണ്ട്. ഗോവ, കർണാടക,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട വനപ്രദേശങ്ങളിലാണ് ഹനുമാൻ കുരങ്ങുകളെ കൂടുതലായി കാണുന്നത്. കേരളത്തിലെ സൈലന്റ് വാലി ഇവയുടെ പ്രധാന ആവാസ കേന്ദ്രമാണ്. ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടുദിവസംവരെ അതിജീവിക്കാൻ കഴിവുള്ള ജീവികളാണ് ഹനുമാൻ കുരങ്ങുകൾ.