തിരുവോണനാളിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലൊരുക്കിയത് ഭീമൻ അത്തപ്പൂക്കളം. മഹാവിഷ്ണുവിന്റെ അനന്തശയനം ആലേഖനം ചെയ്ത പൂക്കളമാണ് ഭാഗവാന് മുന്നിൽ ഒരുക്കിയത്. അതിരാവിലെ പദ്മനാഭ സന്നിധിയിലെത്തിയ ഭക്തർ അത്തപൂക്കളം കണ്ട് വിസ്മയിക്കുന്ന കാഴ്ചയാണുണ്ടായത്.
36 അടി നീളവും 28 അടി വീതിയുമുള്ള പൂക്കളമാണ് ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ ഇതുവരെ ഒരുക്കിയ അത്തപൂക്കളങ്ങളിൽ ഏറ്റവും വലിയ പൂക്കളമാണിതെന്ന് ഭാരവാഹികൾ അറിയിച്ചു.
പതിനഞ്ചോളം പേരുടെ പ്രയത്നം പൂക്കളത്തിന് പിന്നിലുണ്ട്. പൂരാടം ദിനത്തിൽ തന്നെ പൂക്കളത്തിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയാക്കിയിരുന്നു. തിരുവോണ ദിനം തലേന്ന് രാത്രി മുതൽ പൂക്കളമിടൽ തുടങ്ങി, പുലർച്ചെയോടെ കളമിടൽ പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. പൂക്കളത്തിന് മുന്നിൽ തിരുവാതിരക്കളി അടക്കമുള്ള പരിപാടികൾ അരങ്ങേറിയിരുന്നു.