നേപ്യിഡോ: മ്യാൻമറിൽ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലധികം പേർ മരിച്ചു.
113 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 64 പേരെ കാണാതായിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. യഥാർത്ഥ മരണസംഖ്യ കൂടുതലായിരിക്കുമെന്ന് ഭയക്കുന്നു.

മ്യാൻമറിൽ കുറഞ്ഞത് 160 പേരെങ്കിലും മരിച്ചതായി യുഎസ് പിന്തുണയുള്ള ബ്രോഡ്കാസ്റ്ററായ റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച വരെ 120-ലധികം ആളുകൾ മരിച്ചതായി ജപ്പാനിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ, NHK റിപ്പോർട്ട് ചെയ്തു. 230 പേർ മാണ്ഡലേ മേഖലയിൽ മാത്രം മരിച്ചു എന്നാണ് ചില തദ്ദേശീയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂചിപ്പിക്കുന്നത്.
320,000-ത്തിലധികം ആളുകൾ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറാൻ നിർബന്ധിതരായതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി, വിയറ്റ്നാം, ലാവോസ്, ചൈനീസ് ദ്വീപായ ഹൈനാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ വീശിയടിച്ചു. ചുഴലിക്കാറ്റ് മ്യാൻമറിൽ എത്തുന്നതിന് മുമ്പ് 287 പേരെങ്കിലും മരിച്ചതായി കരുതപ്പെടുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് മ്യാൻമറിൽ, 375 സ്കൂളുകളും ഒരു ആശ്രമവും ഉൾപ്പെടെ 66,000 വീടുകളും തകർന്നതായി കണക്കാക്കുന്നു. കിലോമീറ്ററുകളോളം റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയിട്ടുണ്ട് . 187 ദുരിതാശ്വാസ ക്യാമ്പുകളിലായി 236,000-ത്തിലധികം ആളുകളെ പാർപ്പിച്ചിട്ടുണ്ട്.















