ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ ദുരിതം അനുഭവിക്കുന്നവരാണെന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പരാമർശത്തെ ശക്തമായി അപലപിച്ച് കേന്ദ്രസർക്കാർ. നബി ദിനത്തിന്റെ ഭാഗമായി ഖമേനി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിനെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. ഇന്ത്യ, ഗാസ, മ്യാൻമർ എന്നിവിടങ്ങളിൽ മുസ്ലീങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ശ്രദ്ധിക്കാതെ പോകരുതെന്നും, അങ്ങനെ ചെയ്താൽ സ്വയം ഒരു മുസ്ലീമാണെന്ന് കരുതാനാകില്ലെന്നുമായിരുന്നു ഖമേനി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.
എന്നാൽ പൂർണമായും തെറ്റായതും, അംഗീകരിക്കാനാകാത്തതുമായ പ്രസ്താവനയെന്നാണ് വിദേശകാര്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചത്. ” ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഇറാന്റെ പരമോന്നത നേതാവ് നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് തെറ്റായതും അസ്വീകാര്യവുമായ പ്രസ്താവനയാണ്” വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ന്യൂനപക്ഷത്തെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ സ്വന്തം രാജ്യത്തെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. ” ന്യൂനപക്ഷങ്ങളെ കുറിച്ച് ഇത്തരത്തിൽ അഭിപ്രായം നടത്തുന്നവർ ആദ്യം സ്വന്തം കാര്യം ശരിയാക്കട്ടെ, അവരുടെ രാജ്യങ്ങളെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരിശോധിക്കട്ടെ” എന്നും ഇതിൽ പറയുന്നു.
മഹ്‌സ അമിനിയുടെ കൊലപാതകത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ ശിരോവസ്ത്രവും ഹിജാബും ഇല്ലാതെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയ ദിവസമാണ് ഖമേനിയുടെ പ്രസ്താവനയും പുറത്ത് വന്നത്. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസിന്റെ മർദ്ദനത്തിന് ഇരയായാണ് മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടത്.