തൃശൂർ: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം തീരുമാനിച്ചത് ഇടത് ചായ്‌വുള്ള സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങൾ. നിർമ്മാതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന പേരിലാണ് സംഘടന ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ഇതിലേക്ക് ആളുകളെ ഉൾപ്പെടുത്താനായി പലരേയും ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു.
നിർമ്മാതാക്കളുടെ സംഘടന എന്നതാണ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീടത് ഫെഫ്കയ്‌ക്ക് ബദലായി തൊഴിലാളികളുടെ സംഘടനയെന്ന പേരിൽ മാറ്റം വരുത്തി അവതരിപ്പിക്കുകയായിരുന്നു. ഇടത് പുരോഗമന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനയെന്നാണ് ഇവർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. സംഘടനയുടെ ഭാഗമാകുന്നതിനായി പലർക്കും ഇതിന്റെ പിന്നിലുള്ളവർ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ആറ് പേരുടെ പേരുകളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫെഫ്ക നേതൃത്വത്തിൽ അതൃപ്തി ഉള്ളവരെ തങ്ങളുടെ സംഘടനയിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന സംഘടനയിലേക്ക് ക്ഷണം ലഭിച്ചതായി നിർമാതാവ് സാന്ദ്ര തോമസ് വെളിപ്പെടുത്തി. തത്കാലം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ തുടരുമെന്നും, പുതിയ സംഘടനയിലേക്ക് ഇല്ലെന്നുമാണ് സാന്ദ്ര നിലപാട് അറിയിച്ചത്.















