സംവിധായകൻ ആഷിഖ് അബുവിന്റെയും നടി റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന സിനിമ സംഘടനയെ പരിഹസിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. ”പ്രോഗ്രസീവ് ഫിലിം മെക്കേഴ്സ് ഓഫ് ഇന്ത്യ . പിഎഫ്ഐ .. കറക്ട് പേര്. മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി” സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാമർശവും ഉണ്ടായിരുന്നു. എന്നാൽ ഇത് വേണ്ട വിധം ചർച്ച ചെയ്യാതെ പോകുകയായിരുന്നു. ഇതിന് പിന്നാലെ സെപ്തംബർ 6ന് എന്താണ് മട്ടാഞ്ചേരി മാഫിയ എന്ന പേരിൽ സന്ദീപ് വാര്യർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.
” ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു . ആർക്കാണ് അങ്കിൾ മട്ടാഞ്ചേരി മാഫിയ എന്ന് പേരിട്ടത് ? പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിച്ച് മുക്കിയ , മലയാള സിനിമയെ നശിപ്പിക്കുന്ന , ദേശവിരുദ്ധ പ്രൊപ്പഗാണ്ട സിനിമകളെടുക്കുന്ന , സമൂഹത്തെ കാർന്ന് തിന്നുന്ന മയക്ക് മരുന്ന് പ്രചരിപ്പിക്കുന്ന , മയക്കുമരുന്നിന്റെ പേര് സ്വന്തം പ്രൊഡക്ഷൻ കമ്പനിക്ക് നൽകിയ , കഞ്ചാവിന്റെ പേരിൽ സിനിമയെടുത്ത , ജോലി ചെയ്തവർക്ക് ഇപ്പോഴും ലക്ഷങ്ങൾ പ്രതിഫലം നൽകാത്ത ഒരു പറ്റം തെമ്മാടിക്കൂട്ടങ്ങൾക്ക് ഞാൻ നൽകിയ പേരാണ് മട്ടാഞ്ചേരി മാഫിയ”, സന്ദീപ് വാര്യർ പറഞ്ഞു.
ആഷിഖ് അബവിനും റിമ കല്ലിങ്കലിനും പുറമേ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി തുടങ്ങിയവരും പുതിയ സംഘടനയ്‌ക്ക് പിന്നിലുണ്ട്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. മലയാള സിനിമാ മേഖലയിൽ ഒരു പുതിയ സിനിമാ സംസ്കാരം രൂപീകരിക്കുക, സിനിമാ വ്യവസായത്തെ നവീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘടന രൂപീകരിക്കുന്നതെന്നാണ് ഇവരുടെ അവകാശ വാദം.















