ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാർലമെന്റ് ഉടൻ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം ഈ സർക്കാരിന്റെ കാലത്ത് തന്നെ നടപ്പിലാക്കുമെന്നും റെയിൽവേക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.
സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയുള്ള വഖഫ് ഭേദഗതി ബിൽ വരുംദിവസങ്ങളിൽ തന്നെ പാർലമെന്റ് പാസാക്കുമെന്ന് അമിത് ഷാ ഉറപ്പിച്ചുപറഞ്ഞു. സെപ്റ്റംബർ 18 മുതൽ 20 വരെ സംയുക്ത പാർലമെന്ററി കമ്മിറ്റി യോഗം ചേരും. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനും വേണ്ടിയുള്ളതാണ് നിയമഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് എട്ടിനായിരുന്നു ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ചത്.
പുതുക്കിയ 3 ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ നീതി നിർവഹണ വ്യവസ്ഥ ഏറെ സുതാര്യമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം സുപ്രീംകോടതിയിൽ വരെ കേസുകൾ തീർപ്പാക്കാനുള്ള കാര്യക്ഷമത മൂന്നുവർഷത്തിനകം നീതിന്യായ വ്യവസ്ഥ ആർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ വ്യവസായ രംഗത്ത് ഭാരതം 10 വർഷത്തിനുള്ളിൽ മുൻനിര രാജ്യമാകും. റെയിൽവേക്കെതിരെ നടന്ന അതിക്രമ സംഭവങ്ങളിൽ കർശന നടപടി ഉണ്ടാകും. മൂലധന നിക്ഷേപത്തിൽ വൻതോതിൽ വളർച്ച ഉണ്ടായതിനെ തുടർന്ന് തൊഴിലവസരങ്ങൾ വർദ്ധിച്ചു. വനവാസി ക്ഷേമത്തിലും നിരവധി പദ്ധതികൾ നടപ്പാലാക്കിയെന്നും അദ്ദേഹം പറഞ്ഞു.















