തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം മൂന്ന് കുടുംബങ്ങൾക്ക് കൂടി സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. തിരുവനന്തപുരം നഗരസഭ നെടുങ്ങാട് വാർഡിലാണ് മൂന്ന് വീടുകളും സ്ഥിതി ചെയ്യുന്നത്.
വീടുകളുടെ താക്കോൽ ദാനം അവിട്ടം ദിനത്തിൽ നടന്നു. മിസോറാം മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതിയംഗവുമായ കുമ്മനം രാജശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് കുമ്മനം രാജശേഖൻ പറഞ്ഞു. എല്ലാവർക്കും വീടുണ്ടാകുമ്പോഴാണ് മാനുഷരെല്ലാരും ഒന്നു പോലെയെന്ന ഓണത്തിന്റെ സന്തോഷം പ്രാവർത്തികമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൽ ജീവൻ മിഷൻ പ്രകാരം സൗജന്യ വാട്ടർ കണക്ഷൻ അടക്കം ഉൾപ്പെടുത്തിയാണ് വീട് പൂർത്തിയാക്കിയത്. പ്രദേശത്ത് ആറ് വീടുകളാണ് പിഎംഎവൈ പ്രകാരം നിർമിച്ചത്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നെടുങ്ങാട് വാർഡിൽ മാത്രം 86 വീടുകളാണ് പദ്ധതി പ്രകാരം പൂർത്തീകരിച്ചതെന്ന് വാർഡ് കൗൺസിലർ കരമന അജിത് പറഞ്ഞു.