മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മലയാള സിനിമയിലെ പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ’ ഭാഗമല്ല താനെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്നയൊന്നും തന്റെ അറിവോടെയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. “മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രീയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല” എന്നാണ് അദ്ദേഹം കുറിച്ചത്.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘട രൂപീകരിച്ചതെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് സംഘടനയുടെ വാഗ്ദാനം. സംഘടനയെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങിയെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.