ന്യൂഡൽഹി: യാഗി ചുഴലിക്കാറ്റിൽ വലയുന്ന മ്യാൻമാറിന് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഓപ്പറേഷൻ സദ്ഭവിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന 32 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ രണ്ടാം ബാച്ച് മ്യാൻമറിലേക്ക് അയച്ചു.
വ്യോമസേനയുടെ IL-76 ട്രാൻസ്പോർട്ട് വിമാനം വഴിയാണ് സാമഗ്രികൾ അയച്ചത്. യാഗി ചുഴലിക്കാറ്റ് ബാധിച്ച തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ആരംഭിച്ച സദ്ഭവ് ദൗത്യം ഇന്ത്യ ആരംഭിച്ചത്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ മാനുഷിക സഹായം.
ജനറേറ്ററുകൾ, താൽക്കാലിക ഷെൽട്ടറുകൾ, ഹൈജീൻ കിറ്റുകൾ, സോളാർ ലാമ്പുകൾ, മറ്റ് അവശ്യ സാമഗ്രികൾ തുടങ്ങിയവ കയറ്റി അയച്ചവയിൽ ഉൾപ്പെടുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 21 ടൺ അവശ്യ സാമഗ്രികൾ കയറ്റുമതി ചെയ്തിരുന്നു. ഇതിന് പുറമേ ഭക്ഷണസാധനങ്ങൾ, സോളാർ വിളക്കുകൾ, മെഡിക്കൽ വസ്തുക്കൾ, ജലശുദ്ധീകരിക്കാനുള്ള ഗുളികകൾ തുടങ്ങിയവയുമായി നാവികസേനയുടെ ഐഎൻഎസ് സത്പുര യാംഗൂണിലേക്ക് തിരിച്ചിട്ടുണ്ട്.
#OperationSadbhav
Today @AmbAbhayThakur handed over 32 tons of HADR aid brought by @IAF_MCC and 21 tons brought by @indiannavy, to SAC Minister U Ko Ko Hlaing at Naypyitaw airport and Yangon CM U Soe Thein at Thilawa Port respectively for distribution to people in affected areas. pic.twitter.com/epymrarMkg— India in Myanmar (@IndiainMyanmar) September 17, 2024
ദക്ഷിണ ചൈന കടലിൽ നിന്ന് ഉത്ഭവിച്ച യാഗി ചുഴലിക്കാറ്റ് ഈ വർഷം ഏഷ്യയിൽ തന്നെ വീശിയടിക്കുന്ന ശക്തിയേറിയ കാറ്റാണ്. വിയറ്റ്നാമിൽ ഇതുവരെ 170-ലധികം പേരാണ് മരിച്ചത്. മ്യാൻമറിൽ 200-ലേറെ പേരുടെ ജീവനുമെടുത്തു. മിക്ക ഗ്രാമങ്ങളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
അയൽരാജ്യങ്ങൾക്ക് മുൻഗണന നൽകുകയെന്ന് കേന്ദ്രസർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഓപ്പറേഷൻ സദ്ഭവ്. ദുരിതബാധിത മേഖലകളിലെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രാലയം ദൗത്യം ആരംഭിച്ചത്. നേരത്തെ വിയറ്റ്നാം, നമീബിയ തുടങ്ങിയ രാജ്യങ്ങൾക്കും ഇന്ത്യ മാനുഷിക സഹായം നൽകിയിരുന്നു. കൊടും വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങാകാൻ ഇന്ത്യക്ക് സാധിച്ചു.