ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു 2023 ജൂണിൽ സംഭവിച്ച ‘ടൈറ്റൻ ജലപേടക ദുരന്തം’. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് സഞ്ചാരികളുമായി പോയ ചെറുമുങ്ങികപ്പൽ ‘ടൈറ്റൻ’ യാത്രാമദ്ധ്യേ കാണാതാവുകയായിരുന്നു. ഇത് തകർന്നുവെന്ന വാർത്തയാണ് പിന്നീട് പുറത്തുവന്നത്. ദുരന്തത്തിൽ അഞ്ച് യാത്രികരുടെ ജീവൻ പൊലിഞ്ഞു.
ടൈറ്റൻ ദൗത്യം ഓഷ്യൻ ഗേറ്റ് എന്ന ടൂർ ഓപ്പറേഷൻ കമ്പനിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. പേടകം തകർന്ന സംഭവത്തിൽ ഓഷ്യൻഗേറ്റ് കമ്പനി മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. കമ്പനിയുടെ മുൻ സുരക്ഷാ ജീവനക്കാരൻ ഡേവിഡ് ലോക്റിഡ്ജിന്റേതാണ് മൊഴി. ഓഷ്യൻ ഗേറ്റ് കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കടുത്ത വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറയുന്നു. ഓഷ്യൻ ഗേറ്റിന്റെ ഓപ്പറേഷൻസ് ഡയറക്ടറായിരുന്നു ഇയാൾ.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കളിപ്പാട്ടം പോലെയാണ് പേടകം നിർമ്മിച്ചതെന്ന ആരോപണം ദുരന്തസമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന നിലപാടുകളാണ് മുൻജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന അമേരിക്കൻ കോസ്റ്റ് ഗാർഡിന് നൽകിയ മൊഴിയിലാണ് മുൻ ജീവനക്കാരൻ ഡേവിഡ് ലോക്റിഡ്ജിന്റെ വെളിപ്പെടുത്താൻ. പലതവണ അപായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. 2018 മുതൽ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അപകടം സംഭവിച്ച ടൈറ്റൻ പേടകത്തിൽ താൻ യാത്ര ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വീഴ്ച വരുത്തിയ അധികൃതർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് സൂചന. ടൈറ്റൻ ദുരന്ത സമയത്ത് കടലിനടിത്തട്ടിൽ നടത്തിയ സുദീർഘമായ അന്വേഷണത്തിനൊടുവിൽ യാത്രികരുടെ മൃതദേഹവശിഷ്ടങ്ങൾ മാത്രമായിരുന്നു കണ്ടെടുക്കാനായത്.















