ന്യൂഡൽഹി: വമ്പൻ ബഹിരാകാശ ദൗത്യങ്ങൾക്ക് അനുമതി നൽകി കേന്ദ്രമന്ത്രിസഭ. ചന്ദ്രയാൻ-4 നും ശുക്രനിലേക്കുള്ള ദൗത്യത്തിനും ഗഗൻയാന്റെ ഭാഗമായുള്ള ഭാരതീയ അന്തരീക്ഷ നിലയത്തിനുമാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ശേഷം വിപ്ലവകരമായ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-4 ദൗത്യത്തിന് മന്ത്രി സഭ പച്ചക്കൊടി കാട്ടി. ചന്ദ്രനിൽ ഇറങ്ങുന്നതിനും സാമ്പിളുകൾ ശേഖരിക്കുന്നതിനും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ചന്ദ്രോപരിതലത്തിൽ നിന്നുമുള്ള മണ്ണും പാറക്കഷ്ണങ്ങളും ഭൂമിയിലെത്തിക്കുകയാണ് ലക്ഷ്യം.
2104 കോടി രൂപയാണ് മോദി സർക്കാർ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ദൗത്യം പൂർത്തീകരിക്കുന്നതിന് 36 മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിരിക്കുന്നത്.
ശുക്രനിലേക്കുള്ള ദൗത്യത്തിനായി സർക്കാർ നീക്കിവച്ചിരിക്കുന്നത് 1236 കോടി രൂപയാണ്. ശുക്രന്റെ ഉപരിതലം, ഭൂഗർഭം, അന്തരീക്ഷ പ്രക്രിയകൾ, ശുക്രന്റെ അന്തരീക്ഷത്തിൽ സൂര്യന്റെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഗഗൻയാൻ പദ്ധതി വിപുലീകരിച്ചുകൊണ്ട് ഇന്ത്യയുടെ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ യൂണിറ്റിന്റെ നിർമ്മാണത്തിനും അംഗീകാരം ലഭിച്ചു. ഇതിനകം അംഗീകരിച്ച പദ്ധതിക്ക് 11,170 കോടി അധിക ധനസഹായം നൽകാനും ധാരണയായി.