ലോകത്ത് വിവിധയിനം വിഷ പാമ്പുകൾ ഉണ്ട്. അതിൽ തന്നെ ഏറ്റവും അപകടകാരികളായ വിഷ പാമ്പുകൾ ഏതെന്ന് ചോദിച്ചാൽ മിക്കവരുടെയും ഉത്തരം രാജവെമ്പാല, ബ്ലാക്ക് മാമ്പ, മൂർഖൻ എന്നിങ്ങനെയൊക്കെ ആയിരിക്കും. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളുടെ ലിസ്റ്റ് എടുത്താൽ അധികമായി നാം കേട്ടിട്ടില്ലാത്ത ചില പേരുകളും ഉണ്ട്. അതിൽ ഒന്നാണ് ബൂംസ്ലാങ്(ഡിസ്ഫോളിഡസ് ടൈപ്പസ്).
കൊളുബ്രിഡേ കുടുംബത്തിലെ ഒരു വിഷപ്പാമ്പാണ് ബൂംസ്ലാങ്. മനുഷ്യർക്ക് തീർത്തും അപകടകരമായ ചില കൊളുബ്രിഡ് സ്പീഷിസുകളിൽ ഒന്ന്. സാമാന്യം മെലിഞ്ഞ ഈ പാമ്പ് ഏകദേശം 1.8 മീറ്റർ (6 അടി) വരെ നീളത്തിൽ വളരുന്നു. ഉപ-സഹാറൻ ആഫ്രിക്കയിലുടനീളമുള്ള വനങ്ങളിലാണ് ഇവ കാണപ്പെടുന്നത്.
കുറ്റിക്കാട്ടിലോ മരത്തിലോ ഇരകൾക്ക് വേണ്ടി ഈ പാമ്പ് അനങ്ങാതെ എത്രനേരം വേണമെങ്കിലും ഇരിക്കും. ശരീരത്തിന്റെ മുൻഭാഗം പലപ്പോഴും ചലനരഹിതമായി വായുവിലേക്ക് ഉയർത്തിപ്പിടിച്ചാണ് ബൂംസ്ലാങ് ഇരിക്കാറുള്ളത്. പ്രതിരോധത്തിനായി ബൂംസ്ലാംഗ് കഴുത്ത് വീർപ്പിക്കുന്നു. ചെതുമ്പലുകൾക്കിടയിലുള്ള ഇരുണ്ട ചർമ്മം കാണിക്കുന്നു. ആ സമയം അതിവേഗം പാമ്പ് കടിക്കും. അതിന്റെ വിഷം രക്തസ്രാവത്തിന് കാരണമാകുന്നു. മനുഷ്യർക്കും ഈ പാമ്പിന്റെ വിഷം മാരകമായേക്കാം.
ബൂംസ്ലാംഗ് യഥാർത്ഥത്തിൽ ഒരു ഭീരുവായ പാമ്പാണ്. ആളുകൾ അതിനെ പിടിക്കാനോ പിന്തുടരാനോ കൊല്ലാനോ ശ്രമിക്കുമ്പോൾ മാത്രമാണ് അവ കടിക്കുന്നത്. പ്രായപൂർത്തിയായ ഒരു ബൂംസ്ലാംഗിൽ 1.6 മുതൽ 8 മില്ലിഗ്രാം വരെ വിഷം ഉണ്ട്.
ബൂംസ്ലാംഗ് വിഷം സാവധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ, ഒരു കടി കഴിഞ്ഞ് മണിക്കൂറുകൾ വരെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ഇത് ചികിത്സ തേടാൻ മതിയായ സമയം അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും ലക്ഷണങ്ങൾ കാണാത്തതിന്റെ പേരിൽ പലരും അവഗണിക്കും. അങ്ങനെ അവഗണിച്ചാൽ മരണത്തിലേക്ക് വരെ കൊണ്ടെത്തിച്ചേക്കാം.