ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാട് ആണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഖവാജ ആസിഫിന്റെ പ്രതികരണം.
കശ്മീരിൽ കോൺഗ്രസ് സഖ്യം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഖവാജ പറയുന്നു. ” ആർട്ടിക്കിൾ 370 കശ്മീരിൽ പുനസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ തട്ടിലാണ്. അവർ ഇതിനെ തെരഞ്ഞെടുപ്പിൽ വലിയ വിഷയമായി ഉയർത്തി കാണിക്കുന്നുണ്ടെന്നും” ഖവാജ ആസിഫ് പറയുന്നു.
അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണൽ കോൺഫറൻസ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്നു. പൂർണ സംസ്ഥാനപദവി പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസും വാഗ്ദാനം ചെയ്തിരുന്നു. പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. രാജ്യവിരുദ്ധരുടെ പക്ഷത്താണ് കോൺഗ്രസ് എല്ലായ്‌പ്പോഴും നിലകൊള്ളുന്നതെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
” ഭീകരരുടെ പ്രധാന ഒളിത്താവളമായ പാകിസ്താൻ ഇന്ന് കശ്മീരിനെ കുറിച്ച് കോൺഗ്രസിനും നാഷണൽ കോൺഫറൻസിനുമുള്ള നിലപാടുകളെ പരസ്യമായി അംഗീകരിച്ചിരിക്കുകയാണ്. ഗുർപത്വന്ത് സിംഗ് പന്നൂൻ മുതൽ പാകിസ്താൻ വരെ ഏത് വിഷയമെടുത്താലും കോൺഗ്രസ് എല്ലായ്‌പ്പോഴും ദേശവിരുദ്ധരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും” അമിത് മാളവ്യ വിമർശിച്ചു. കള്ളം പുറത്ത് ചാടിയെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ല കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതിന് വേണ്ടി ഇക്കൂട്ടർ പാകിസ്താന് ഒപ്പം പോലും ഒരു മടിയുമില്ലാതെ നിൽക്കുമെന്നായിരുന്നു ഷെഹ്‌സാദിന്റെ വിമർശനം.