ധാക്ക : അധ്വാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിന്റെ ജഹാംഗീർനഗർ യൂണിവേഴ്‌സിറ്റി യൂണിറ്റിന്റെ മുൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ തല്ലിക്കൊന്നു. ജഹാംഗീർനഗർ സർവകലാശാലയുടെ ചരിത്ര വിഭാഗത്തിലെ 39-ാം ബാച്ചിലെ മുൻ വിദ്യാർത്ഥി ഷമീം മൊല്ല എന്നറിയപ്പെടുന്ന ഷമീം അഹമ്മദിനെ ബുധനാഴ്ച ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു.
ഇദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജഹാംഗീർനഗർ സർവകലാശാലയുടെ ഗേറ്റിന് സമീപമുള്ള ഒരു കടയിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം. അതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഒരു സംഘം വിദ്യാർത്ഥികൾ അവിടെയെത്തി ഇയാളെ മർദിച്ചു. പിന്നീട് സർവ്വകലാശാലയുടെ സെക്യൂരിറ്റി ജീവനക്കാർ അദ്ദേഹത്തെ സർവകലാശാലയുടെ സെക്യൂരിറ്റി ഓഫീസിലെത്തിച്ചു.
വൈകുന്നേരം 7 മണിയോടെ വീണ്ടും ചില വിദ്യാർത്ഥികൾ സംഘം ചേർന്നെത്തി അവിടെ വച്ച് അദ്ദേഹത്തെ വീണ്ടും ആക്രമിച്ചു. തുടർന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് അവിടെയെത്തി.രാത്രി ഷമിമിനെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ പരിശോധിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി കണ്ടെത്തി.















