വേറിട്ട ഗാനങ്ങൾ എന്നും ആരാധകർക്ക് നൽകുന്ന ഗായകരിലൊരാളാണ് അർജിത് സിംഗ്. താരത്തിന്റെ ഗാന പരിപാടികൾ കേൾക്കാനെത്തുന്നവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ സംഘടിപ്പിച്ച ഗാന പരിപാടിക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്.
യുകെയിലെ പരിപാടിക്കിടെ ആരാധകരിലൊരാൾ അർജിത് രചിച്ച ഗാനമായ ‘ ആർ കോബെ’ ആലപിക്കുമോയെന്ന് ചോദിക്കുന്നു. എന്നാൽ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അതിന്റെ കാരണവും അർജിത് പറയുന്നുണ്ട്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് രചിച്ച ഗാനമാണ് ആർ കോബെ. ഈ ഗാനം ആലപിക്കാനുള്ള ഇടമല്ലിതെന്നായിരുന്നു താരത്തിന്റെ മറുപടി.
” പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് ഞാൻ ആർ കോബെ രചിച്ചത്. ഇവിടെ കൂടിയിരിക്കുന്ന ആളുകൾ പ്രതിഷേധിക്കാനെത്തിയവരല്ല. അവർ എന്റെ ഗാനങ്ങൾ ആസ്വദിക്കാനെത്തിയവരാണ്. ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ ഇടം ഇവിടെയല്ല. ഇവിടെ നിരവധി ബംഗാളികളുണ്ട്. അവരെയും കൂട്ടി നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ ഇടം.”- അർജിത് സിംഗ് പറഞ്ഞു.
View this post on Instagram
മൂന്നാഴ്ചയ്‌ക്കുള്ളിൽ 2 മില്യണിലധികം ആളുകൾ ഗാനം കേട്ടെങ്കിലും അതൊരിക്കലും ധനസമ്പാദനത്തിനായി സോഷ്യൽമീഡിയയിൽ ഇറക്കിയതല്ലെന്നും അതൊരിക്കലും താൻ ചെയ്യില്ലെന്നും അർജിത് വ്യക്തമാക്കി. ആർക്ക് വേണമെങ്കിലും ആർ കോബെ ഉപയോഗിക്കാമെന്നും താരം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്‌ക്കും അന്തസ്സിനുമായി ആളുകളോട് അണിചേരാൻ ആഹ്വാനം ചെയ്യുന്ന ഗാനമാണ് ആർ കോബെ. ” ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ” എന്ന് അർത്ഥം വരുന്ന ആർ കോബെ ഗാനം നിമിഷ നേരങ്ങൾക്കുള്ളിലാണ് വൈറലായത്.















