ബെംഗളൂരു: നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമ്മജ്ജന ഘോഷയാത്രക്ക് നേരെ മത തീവ്രവാദികൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ ലോക്‌സഭയിലും പ്രതിപക്ഷ നേതാവ് ആർ അശോക നിയമസഭയിലും കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
കർണാടകയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിറ്റ്ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ശോഭ കരന്ദ്‌ലാജെ മാധ്യമങ്ങളോട് പറഞ്ഞു.
“കർണാടകയിൽ ഒരുതരം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്.അക്രമം തടയുന്നതിൽ പരാജയപ്പെട്ട സംസ്ഥാന സർക്കാർ ബിജെപി എംപിമാർക്കും നിയമസഭാംഗങ്ങൾക്കുമെതിരെ തുടർച്ചയായി എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവിനും ഒരു കേന്ദ്രമന്ത്രിക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യപ്പെടുന്നു, കൂടാതെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയ്‌ക്കെതിരെയും കേസെടുത്തു. സർക്കാരിനെ ചോദ്യം ചെയ്യുന്നത് കുറ്റമാണെന്ന് തോന്നുന്നു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ഈ സർക്കാർ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. ഇത്തരം ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല” അവർ പറഞ്ഞു.
“ഗവർണർക്കെതിരെ ബംഗ്ലാദേശ് പോലുള്ള പ്രതിഷേധം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയ കോൺഗ്രസ് എംഎൽസിക്കെതിരെയും ആത്മഹത്യ ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് പണം ആവശ്യപ്പെട്ട കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെയും നടപടിയെടുക്കാത്ത സർക്കാരാണിത്” കരന്ദ്‌ലാജെ കൂട്ടിച്ചേർത്തു.
സർക്കാർ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് ആരോപിച്ച ശോഭ, തന്നെ ഭീഷണിപ്പെടുത്തുകയോ നിശബ്ദയാക്കുകയോ ചെയ്യാനാവില്ലെന്നും പറഞ്ഞു.
അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്ന കഴിവുകെട്ട ആഭ്യന്തര മന്ത്രിയാണ് ഡോ ജി പരമേശ്വരയെന്ന് ആർ അശോകൻ വിശേഷിപ്പിച്ചു.”ഇത്തരത്തിലുള്ള 100 എഫ്ഐആറുകളെ താൻ ഭയപ്പെടില്ല” അശോകൻ പറഞ്ഞു.















