കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അധിക്ഷേപ ചർച്ചകൾ നടക്കുന്നുവെന്ന പരാതിയുമായി നടി റിമ കല്ലിങ്കൽ. കൊച്ചി ഡിസിപിക്കാണ് നടി പരാതി നൽകിയത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ താരത്തെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.
തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി റിമ കല്ലിങ്കലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. തുടർന്ന് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും നടിക്കെതിരെ വിമർശനം ശക്തമാവുകയും ചെയ്തിരുന്നു. ഇതെല്ലാം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അപകീർത്തിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് റിമ പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഇ-മെയിൽ വഴിയാണ് പരാതി സമർപ്പിച്ചത്. സംഭവത്തിൽ എറണാകുളം എസിപിക്കാണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളുണ്ടാകുമെന്നാണ് വിവരം.
കൊച്ചിയിലെ റിമയുടെ വീട്ടിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നും നിരവധി പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെട്ടെന്നുമായിരുന്നു റിമയ്‌ക്കെതിരെ ഗായിക സുചിത്ര ആരോപിച്ചത്. നടിയുടെ വീട്ടിൽ നടത്തുന്ന പാർട്ടികളിൽ നിരവധി നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നുവെന്നും ഇതെല്ലാം റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ചൂണ്ടിക്കാട്ടിയിരുന്നു. WCC അംഗത്തിനെതിരെ വന്ന ആരോപണം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവുമായി നിരവധി രാഷ്‌ട്രീയ പാർട്ടികളും മുന്നോട്ടുവന്നിരുന്നു.