‘ആയിരം കോഴിക്ക് അര കാട’ എന്ന് മലയാളികൾ പറയാറുണ്ട്. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യം കൊണ്ട് മുന്നിലാണ് കാട. ഇവയുടെ മുട്ടയ്‌ക്കും പോഷക ഗുണങ്ങൾ ഏറെയാണ്. മുട്ടയും മാംസവും സ്വാദിഷ്ടവും ഔഷധമേന്മയുള്ളതുമായതിനാൽ കാടയ്‌ക്ക് ആവശ്യക്കാർ ഏറെയുണ്ട്. കാടകൾ പലതരത്തിലുണ്ട്. ഇതിൽ ജാപ്പനീസ് കാടകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ കാടുകളുടെ കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ ഒന്നുണ്ട്. അതാണ് യൂറോപ്യൻ കാട(Coturnix coturnix).
വളർത്തു പക്ഷിയായ ജപ്പാനീസ് കാടയാണെന്ന് (Coturnix Japonica) തെറ്റിദ്ധരിക്കാൻ സാധ്യത ഏറെയുള്ള പക്ഷിയാണ് യൂറോപ്പ്യൻ കാട. ഒരു ദേശാടന കിളിയാണ് ഈ കാട. 17 സെ.മീറ്ററോളം മാത്രം വലിപ്പമുള്ള ചെറിയ പക്ഷി. തവിട്ടു നിറത്തിലുള്ള വരകളോടു കൂടിയ കാടകളിൽ ആണിന് കവിളിൽ വെളുത്ത നിറമാണ്. ദേശാടനകിളിക്കു വേണ്ട നീണ്ട ചിറകുകളും ഇവയ്‌ക്കുണ്ട്. എന്തുകൊണ്ടാണ് ഈ കാടയിനത്തെ സൂക്ഷിക്കണം എന്ന് പറയുന്നത്!
യൂറോപ്യൻ കാടകൾ (Coturnix coturnix coturnix) മനുഷ്യർക്ക് വിഷമാണ്. എന്നാൽ അത്, അതിന്റെ ശരത്കാല കുടിയേറ്റ സമയത്ത് മാത്രം. മെഡിറ്ററേനിയനിലൂടെ തെക്കോട്ട് കുടിയേറുമ്പോൾ ഈ കാട പക്ഷികൾ ഹെംലോക്ക്, ഹെൻബെയ്ൻ തുടങ്ങിയ നിരവധി സസ്യങ്ങളുടെ വിത്തുകൾ ഭക്ഷിക്കുകയും അതുവഴി കോനൈൻ എന്ന ന്യൂറോടോക്സിക് വിഷം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നിരുന്നാലും, കാട വിഷത്തിന്റെ കൃത്യമായ ഉറവിടം ഇന്നും അജ്ഞാതമാണ്.
കാടകളുടെ വിഷാംശം അവയുടെ രുചിയിൽ നിന്നോ മണത്തിൽ നിന്നോ നിർണ്ണയിക്കാൻ കഴിയില്ല. പക്ഷിയുടെ മാംസം പാചകം ചെയ്യുന്നതിലൂടെ വിഷാംശം ഇല്ലാതാക്കാൻ കഴിയില്ല എന്നതും ശ്രദ്ധേയം. യൂറോപ്യൻ കാടയെ ഭക്ഷിച്ച ഒരുപാട് പേർക്ക് രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും മരിച്ചിട്ടുണ്ട്.
കാടവിഷബാധയുടെ ലക്ഷണങ്ങൾ, കോടൂണിസം എന്നും അറിയപ്പെടുന്നു. പേശികളുടെ ആർദ്രത, കഠിനമായ വേദന, ഓക്കാനം, ഛർദ്ദി, ബലഹീനത എന്നിവയാണ് ലക്ഷണങ്ങൾ. കാട വിഷം റാബ്ഡോമയോളിസിസിന് കാരണമാകുന്നു. ഇത് പേശികൾ പെട്ടെന്ന് നശിപ്പിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ജീവന് ഭീഷണിയായ രോഗമാണ്. ഈ കോശ അവശിഷ്ടങ്ങൾ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇത് വൃക്കകളെ പരാജയപ്പെടുത്തുകയും മാരകമായ ആഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.