ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ മാരുതി സുസൂക്കി. ഇതിന് മുന്നോടിയായി 25,000 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നവെന്ന് റിപ്പോർട്ട്. ‘ഇവിഎക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി രാജ്യത്തെ 2,300 നഗരങ്ങളിലായി 5,100 സർവീസ് സെൻ്ററുകളും കമ്പനി ആരംഭിക്കും.
ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡീലർമാരുമായും കമ്പനികൾ ചർച്ചകൾ നടത്തുന്നുണ്ട്. ബംഗളൂരിൽ ഇതിനോടകം സർവീസ് മെക്കാനിക്കുകളുടെ പരിശീലനം ആരംഭിച്ചതായാണ് റിപ്പോർട്ട്. ആദ്യ മൂന്ന് മാസത്തിൽ 3,000 യൂണിറ്റ് വാഹനങ്ങൾ നിരത്തുകളിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് എസ്‌യുവി ഗുജറാത്ത് പ്ലാൻ്റിൽ നിർമ്മിക്കുകയും പ്രീമിയം നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ ആറ് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.















