വിജയവാഡ: തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാത്തുപരിപാലിക്കാൻ സാധ്യമയതെല്ലാം സർക്കാർ ചെയ്യുമെന്ന് ടിഡിപി ജനറൽ സെക്രട്ടറിയും ആന്ധ്ര മന്ത്രിസഭയിലെ മന്ത്രിയുമായ നാരാ ലോകേഷ്. മുൻ സർക്കാർ തിരുമലയിൽ വലിയ തെറ്റുകൾ വരുത്തി ഭക്തരെ ഭഗവാനിൽ നിന്നകറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ സർക്കാരിനെതിരെ ആന്ധ്രയിൽ പ്രതിഷേധം കടുക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ എക്സിക്യൂട്ടീവ് ഓഫീസറെ ഇതിനോടകം തന്നെ നിയമിച്ചു. തിരുപ്പതി ലഡ്ഡുവിൻ്റ വലുപ്പം കുറച്ചത് സംബന്ധിച്ച് നേരത്തെ പരാതി ഉയർന്നിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഡ്ഡുവിന്റെ പരിശുദ്ധി സംബന്ധിച്ച് താനും തന്റെ കുടുംബവും ഭഗവാന് മുന്നിൽ സത്യം ചെയ്യാൻ തയ്യാറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണത്തിന് പിന്നാലെ മുൻ TTD ചെയർമാൻ സുബ്ബ റെഡ്ഡി പ്രതികരിച്ചത്. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പരമർശത്തെ പരിഹസിച്ച് താൻ തിരുപ്പതിയിലുണ്ടെന്ന് നാരാ ലോകേഷ് പറഞ്ഞു.















