കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊന്ന കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വാഹമോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശ്രീക്കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഹോട്ടലിൽ താമസിച്ച് ലഹരി ഉപയോഗിക്കുകയായിരുന്നു. കൊലപാതകം നടന്നതിന്റെ തലേദിവസം കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ എത്തിയ അജ്മലും ശ്രീക്കുട്ടിയും ലഹരിവസ്തുക്കൾ ഉപയോഗിച്ചു. ഹോട്ടലിൽ നിന്ന് മദ്യകുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അജ്മൽ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികളായ അജ്മൽ, ഡോക്ടർ ശ്രീക്കുട്ടി എന്നിവർ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണി വരെയാണ് കസ്റ്റഡി കാലാവധി. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.
മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അജ്മൽ ഓടിച്ചിരുന്ന കാറിടിച്ച് സ്കൂട്ടർ യാത്രികയായ കുഞ്ഞുമോൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു പ്രതികൾ. ശരീരത്തിൽ കാർ കയറ്റിയില്ലായിരുന്നെങ്കിൽ വീട്ടമ്മയുടെ ജീവൻ രക്ഷപ്പെടുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അജ്മലിനെ പിറ്റേന്ന് പുലർച്ചെ പൊലീസ് പിടികൂടുകയായിരുന്നു.















