വയനാട്: ലെബനനിലെ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് അമ്മാവൻ. റിൻസൺ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിക്കപ്പെട്ടതായി സംശയമുണ്ടെന്നും തങ്കച്ചൻ പറഞ്ഞു.
” 10 വർഷം മുമ്പാണ് റിൻസൻ നോർവയിലേക്ക് പോയത്. കഴിഞ്ഞ നവംബറിലാണ് അവസാനമായി നാട്ടിലെത്തിയത്. ഈ വർഷം ജനുവരിയിൽ നോർവെയിലേക്ക് തിരിച്ചു പോകുകയും ചെയ്തു. അവൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പ് റിൻസൻ വിളിച്ചിരുന്നു . അന്ന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല . ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയില്ല. ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത് . ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു.
ഇതും വായിക്കുക
മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് റിൻസൺ ജോസ്. ഡിഗ്രി പഠനവും മാനന്തവാടിയിൽ ആയിരുന്നു. പിന്നീട് എംബിഎ ചെയ്യാനായി ബാംഗ്ലൂരിലേക്ക് പോയി. 2015 ലാണ് നോർവെയിലേക്ക് പോയത്. നിലവിൽ നോർവേ പൗരനാണ് റിൻസൻ.
പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൺ ജോസിന്റെ കമ്പനിക്കെതിരെ അന്വേഷണം നടക്കുന്ന വിവരം വെള്ളിയാഴ്ചയാണ് പുറത്ത് വന്നത്. ബൾഗേറിയാണ് അന്വേഷണം നടത്തുന്നത്. റിന്‍സണ്‍ ജോസിന്റെ ഉടമസ്ഥതയിൽ നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡാണ് പേജറുകള്‍ ഹിസ്ബുള്ളയ്‌ക്ക് കൈമാറിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിലാണ് പേജറുകൾ നിർമിച്ചതെന്നാണ് റിപ്പോർട്ട്. പേജറുകളുമായി ബന്ധപ്പെട്ട 15 കോടിയുടെ പണമിടാണ് റിൻസന്റെ കമ്പനി നടത്തിയത്.
2022 ഏപ്രിലിലാണ് നോര്‍ട്ട ഗ്ലോബല്‍ സ്ഥാപിതമായത്. ബൾഗേറിയയിലെ സോഫിയ ആസ്ഥാനമായാണ് ഷെൽ കമ്പനിയുടെ പ്രവർത്തനം. റിൻസന്റെ കമ്പനിയിൽ ജീവനക്കാരില്ലെന്നും റസിഡൻഷ്യൽ വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നുമാണ് സൂചന. പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ റിൻസനെ കാണാനില്ലെന്നാണ് വിവരം.