ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് ഓരോ ഭക്തനും വലിയ ഹൃദയ വേദനയാണ് സമ്മാനിച്ചത്. അത്യന്തം പാവനമായി കരുതുന്ന ലഡുവിൽ നെയ്യ്‌ക്ക് പകരമായാണ് വില കുറഞ്ഞ അപകടകാരിയായ മൃഗക്കൊഴുപ്പ് പോലെയുളള വസ്തുക്കൾ ഉപയോഗിച്ചത്. ഇതിന് പിന്നാലെ ബിഫ് ടാലോ അഥവാ മൃഗക്കൊഴുപ്പ് മാദ്ധ്യമ വാർത്തകളിൽ ഇടം പിടിച്ചു. ഈ വസ്തുക്കൾ എന്താണെന്നും എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും അറിഞ്ഞാൽ മാത്രമേ സംഭവത്തിന്റെ ഗൗരവം കുടുതൽ വ്യക്തമാകൂ.
എന്താണ് മൃഗക്കൊഴുപ്പ്?
അറവുശാലകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യമാണ് യഥാർത്ഥത്തിൽ മൃഗക്കൊഴുപ്പ്. മാംസത്തിന്റെയും എല്ലിന്റെയും ഇടയിലായി കാണപ്പെടുന്ന കൊഴുപ്പ് അറവിന് ശേഷം ശേഖരിക്കുന്നു. വലിയ അറവുശാലകളിൽ കിലോക്കണക്കിന് കൊഴുപ്പ് ഒരു ദിവസം ഇത്തരത്തിൽ ലഭിക്കും. തുടർന്ന് ഇവ ഉരുക്കി തണുപ്പിക്കുമ്പോൾ മൃദുവായ വെണ്ണയ്ക്ക് സമാനമായ ഒരു വസ്തു രൂപപ്പെടും. ഇതാണ് നെയ്യ്‌ക്ക് പകരം ലഡുവിൽ ഉപയോഗിച്ചത്.
ട്രൈഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന മനുഷ്യന് ഹാനികരമായ കൊഴുപ്പാണ് മൃഗക്കൊഴുപ്പിലെ സിംഹഭാഗവും. ഇത് 100% കൊഴുപ്പാണ് , ഇതിൽ മനുഷ്യന് ഉപകാരപ്പെടുന്ന പ്രോട്ടീനോ കാർബോഹൈഡ്രേറ്റുകളോ ഒരു തരിപോലും അടങ്ങിയിട്ടില്ലസോപ്പ് നിർമ്മാണം, മെഴുകുതിരി നിർമ്മാണം, ലൂബ്രിക്കൻ്റ് എന്നിവയിലും കാസ്റ്റ് ഇരുമ്പ് പാത്രങ്ങൾ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. അതിന്റെ മോയ്സ്ചറൈസിംഗ് സ്വഭാവം കാരണം ബാം, ക്രീമുകൾ തുടങ്ങിയ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ ഇവ ചേർക്കുന്നു.

ആരോഗ്യത്തിന് ദോഷം
മൃഗങ്ങളുടെ കൊഴുപ്പ് അത് ഉപയോഗിച്ച് ശീലമില്ലാത്ത വ്യക്തികൾക്ക് ദഹനവ്യവസ്ഥയിൽ പ്രതികരണങ്ങൾ ഉണ്ടാക്കിയേക്കാം. അവരുടെ പതിവ് ഭക്ഷണം സസ്യാഹാരമാണെങ്കിൽ വയറിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കാം. വെജിറ്റബിൾ ഓയിലുകൾ പശുവിൻ നെയ്യ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പൂരിത കൊഴുപ്പുകൾ ദഹിപ്പിക്കാൻ പ്രയാസമാണ്. ബീഫ് കൊഴുപ്പോ സമാനമായ മൃഗക്കൊഴുപ്പുകളോ ഒരിക്കലും കഴിച്ചിട്ടില്ലാത്ത ഒരാൾക്ക്, അല്ലെങ്കിൽ കഴിച്ചു ശീലമില്ലാത്ത ഒരാളുടെ ദഹന വ്യവസ്ഥക്ക് ഈ കൊഴുപ്പുകളെ ഫലപ്രദമായി ദഹിപ്പിക്കുന്നതിന് ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ പറ്റാതെ വരും. ഇത് നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
പൂരിത കൊഴുപ്പുകളുടെ അമിതമായ ഉപഭോഗം എൽഡിഎൽ കൊളസ്ട്രോൾ ഉയർത്തുന്നു.ഇതും ട്രൈ ഗ്ലിസറൈഡുകളും ഇത് ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഈ കൊഴുപ്പ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.ബീഫ് കൊഴുപ്പിലെ കലോറി വളരെ കൂടുതലാണ്. ഒരു ടേബിൾ സ്പൂൺ മൃഗക്കൊഴുപ്പിൽ ഏകദേശം 110-120 കലോറി അടങ്ങിയിട്ടുണ്ട്, ഇത് പതിവായി കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമെന്നതിൽ സംശയം വേണ്ട.
സസ്യാഹാരമോ കൊഴുപ്പ് കുറഞ്ഞ ഭക്ഷണ രീതിയോ പിന്തുടരുന്ന ഒരാൾ മൃഗക്കൊഴുപ്പ് കഴിച്ചാൽ അത് വയറിളക്കത്തിന് കാരണമാകും. ഇത്തരം ഘനകൊഴുപ്പുകളുടെ ദഹനം അവരുടെ ശരീരത്തിനു ശീലമില്ല. അതിനാൽ ഇത് അവരുടെ ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കുന്നു. ഇത് ഓക്കാനം, ഛർദി ആസിഡ് റിഫ്ലക്സ് എന്നിവയ്‌ക്ക് കാരണമാകും. പിത്തസഞ്ചി പ്രശ്‌നങ്ങളുള്ളവർ മൃഗക്കൊഴുപ്പ് കഴിച്ചാൽ അവരുടെ രോഗം മൂർച്ഛിക്കും.
ഇങ്ങിനെ നോക്കുമ്പോൾ കേവലമായ ഗന്ധം കൊണ്ടും രുചികൊണ്ടും ഉള്ള പ്രത്യേകതകളല്ലാതെ മനുഷ്യന് ഉപകാര പ്രദമായ യാതൊന്നും മൃഗക്കൊഴുപ്പിൽ ഇല്ല എന്ന് മാത്രമല്ല, അത് അങ്ങേയറ്റം ഹാനികരമാണ് താനും.
അൽപ്പം ചരിത്രവും
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ധീരോദാത്തമായ ചരിത്രത്തിൽ മൃഗക്കൊഴുപ്പ് സൃഷ്ടിച്ച പ്രകോപനം വളരെ വലുതാണ്. അന്ന് പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയ പേപ്പർ ഉപയോഗിച്ചു നിർമ്മിച്ച കവറിലായിരുന്നു വെടിയുണ്ട പൊതിഞ്ഞ് പട്ടാളക്കാർക്ക് നൽകിയത്. അതിലൂടെ ആചാര ലംഘനങ്ങളും വിശ്വാസ ഹത്യയും ആയിരുന്നു ബ്രിട്ടീഷുകാർ ലക്ഷ്യമിട്ടത്. ഈ മൃഗക്കൊഴുപ്പാണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാൻ കാരണാമായത്. അതുപോലെ 1983 കാലത്ത് രാജ്യത്ത് സസ്യ വനസ്പതി എന്ന പേരിൽ ഇറക്കുമതി ചെയ്തവയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് വലിയ വിവാദം പൊട്ടിപുറപ്പെട്ടിരുന്നു.















