ധാക്ക : അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിന്റെ ജഹാംഗീർനഗർ യൂണിവേഴ്‌സിറ്റി യൂണിറ്റിന്റെ മുൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ തല്ലിക്കൊന്ന സംഭവത്തിൽ ബംഗ്ലാദേശിൽ പ്രതിഷേധം പടരുന്നു.
ജഹാംഗീർനഗർ സർവകലാശാലയുടെ ചരിത്ര വിഭാഗത്തിലെ 39-ാം ബാച്ചിലെ മുൻ വിദ്യാർത്ഥി ഷമീം മൊല്ല എന്നറിയപ്പെടുന്ന ഷമീം അഹമ്മദിനെ ബുധനാഴ്ച ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു, ഇദ്ദേഹത്തിനെ ആശുപത്രിയിൽ എത്തിച്ച് മണിക്കൂറുകൾക്ക് ശേഷം മരിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
അക്രമാസക്തരായ വിദ്യാർഥികൾ ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് കൂടാതെ കഴിഞ്ഞ ദിവസം ധാക്ക സർവകലാശാലയിൽ മോഷണക്കുറ്റം ആരോപിച്ച് മാനസിക വൈകല്യമുളള ഒരാളെ മർദ്ദിച്ചു കൊന്നിരുന്നു. ഷെയ്ഖ് ഹസീന ഭരണത്തിന്റെ പതനത്തിനുശേഷം ആൾക്കൂട്ട കൊലപാതകങ്ങൾ രാജ്യവ്യാപകമായി വ്യാപിച്ചതായി റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ ഡസൻ കണക്കിന് ഇരകൾ ആൾക്കൂട്ട ആക്രമണം നേരിട്ടു.

അതിനെ തുടർന്ന് ബംഗ്ലാദേശിലെ വിവിധ സർവ്വകലാശാലകളിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. വർഗീയവാദികളുടെ ആൾക്കൂട്ട അക്രമത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർഥികൾ പലയിടങ്ങളിലും സംഘടിച്ച് പ്രതിഷേധം നടത്തി.
ഷമീം മൊല്ലയുടെ കൊലപാതകത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു.എന്നാൽ ആൾക്കൂട്ട നീതിക്കെതിരെ സർക്കാർ സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നത് എന്നും ആൾക്കൂട്ട നീതി വെച്ചുപൊറുപ്പിക്കില്ലെന്നും സർക്കാരിന്റെ നിയമ ഉപദേഷ്ടാവ് പ്രസ്താവിച്ചിട്ടുണ്ട്.
അതെ സമയം മുൻ വിദ്യാർത്ഥിയും ഛത്ര ലീഗ് നേതാവുമായ ഷമീം അഹമ്മദിനെ തല്ലിക്കൊന്ന സംഘത്തിന്റെ നേതാവായിരുന്ന വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജഹാംഗീർനഗർ സർവകലാശാല (ജെയു) ബ്രാഞ്ച് കോർഡിനേറ്റർ അഹ്‌സൻ ലബീബിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. രാജ്യവായ്പാക്മയുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ഇത്.















