എറണാകുളം: മികച്ച അഭിനേത്രിയായിരുന്ന കവിയൂർ പൊന്നമ്മയുടെ സാമൂഹിക സേവന മുഖം അധികമാരും ചർച്ച ചെയ്യാതെ പോയതാണ്. ആലുവ ജനസേവാ ശിശു ഭവനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അവർ ശ്രദ്ധിച്ചിരുന്നു .
ഒരു കാലത്ത് ദക്ഷിണേന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തിലും വേരോടിയിരുന്ന ഭിക്ഷാടന മാഫിയക്കെതിരെ അവർ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. ഭിക്ഷാടന മാഫിയയുടെ ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി വേല്‍മുരുകൻ എന്ന ബാലന് തുണയായി പലപ്പോഴും കവിയൂര്‍ പൊന്നമ്മയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഭിക്ഷാടന മാഫിയയുടെ ക്രൂരതകൾ കേട്ടറിഞ്ഞ അവർ അതിനെതിരെ തന്നാലാവും വിധം പ്രതിരോധമുയർത്തി.
“എല്ലാ കുട്ടികളെയും തെരുവിൽ നിന്നും രക്ഷിക്കുക” എന്ന മുദ്രാവാക്യമുയർത്തി ആലുവ ജനസേവാ ശിശു ഭവൻ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ നേതൃ സ്ഥാനത്ത് കവിയൂർ പൊന്നമ്മ ഉണ്ടായിരുന്നു.
2003 ഏപ്രിൽ 3-ന് ആലുവയിൽ ശരീരമാസകലം 70 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ ആലുവ ഗവ. ആശുപത്രിയിലെത്തിച്ച വേൽമുരുകനെ അവിടുത്തെ ഡോ. വിജയകുമാറിന്റെ നിർദേശപ്രകാരമാണ് ആലുവ ജനസേവാ ശിശു ഭവൻ ചികിത്സയ്‌ക്കായി ഏറ്റെടുത്തത്. ഒരു വർഷം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് വേൽമുരുകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഭിക്ഷാടനത്തിൽനിന്ന് പറഞ്ഞ പണം പിരിച്ചെടുക്കാഞ്ഞതിൽ കുപിതനായ ഭിക്ഷാടന മാഫിയ തലവനാണ് വേൽ മുരുകനെ പെട്രോളൊഴിച്ച് കത്തിച്ചത്. ഈ ഭീകരമായ സംഭവം അന്ന്മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
വേൽ മുരുകനെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കുന്ന കവിയൂർ പൊന്നമ്മയുടെ ചിത്രം ഭിക്ഷാടന മാഫിയക്കെതിരെയുളള കേരള ജനതയുടെ ജാഗ്രതയുടെ കുന്തമുനയായി മാറി. പിന്നീട് കേരളത്തിലെ തെരുവുകളിൽ നിന്ന് ഏറെക്കുറെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട ബാലഭിക്ഷാടനം ഏറെക്കാലം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നത് വളരെ വേദനാജനകമാണ്.
നല്ലൊരു തുക ചികിത്സയ്‌ക്ക് ചെലവാക്കേണ്ടി വന്നു എങ്കിലും ഇന്ന് ഇന്ത്യന്‍ ബാങ്കിന്റെ മികച്ച ഫുട്‌ബോള്‍ പ്ലെയര്‍ ആയി പ്രവര്‍ത്തിക്കുകയാണ് വേൽ മുരുകന്‍. വിവാഹിതനും മൂന്നു വയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ആ മിടുക്കനായ യുവാവ്.