അയോദ്ധ്യ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഭക്തർക്ക് വിതരണം ചെയ്യുന്ന പ്രസാദത്തിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.
” ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണം. വിശ്വാസങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാൻ സാധിക്കുകയുള്ളു. വൈഷ്ണവ സന്യാസിമാരും ആ രീതി പിന്തുടരുന്നവരും വെളുത്തുള്ളിയോ ഉള്ളിയോ പോലും ഭക്ഷണങ്ങളിൽ ഉപയോഗിക്കാറില്ല. അപ്പോഴാണ് ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് മൃഗക്കൊഴുപ്പ് കണ്ടെത്തുന്നത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരവും, പൊറുക്കാനാകാത്ത തെറ്റുമാണ്. ഹൈന്ദവ വിശ്വാസങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിത്. രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസി തന്നെ ഇതിൽ അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടരുതെന്നും” സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.
അതേസമയം വിഷയത്തിൽ ആന്ധ്ര സർക്കാരിൽ നിന്ന് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഡ്ഡു നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ചേരുവകളെ കുറിച്ചും ഓരോന്നും ഏത് കമ്പനികളുടേതാണെന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ അറിയിച്ചു.















