തിരുപ്പതി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തിൽ നെയ്യിന്റെ ടെൻഡർ നടപടിക്രമങ്ങളിൽ ദൂരൂഹത വർദ്ധിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധികാരത്തിലിരുന്ന 2023 ഓഗസ്റ്റിനും 2024 ജൂലൈയ്‌ക്കും ഇടയിൽ തിരുപ്പതി തിരുമല ദേവസ്ഥാനം സംഭരിച്ച നെയ്യിന്റെ പേരിലാണ് സംശയം ഉയരുന്നത്.
നെയ്യിന്റെ ഗുണനിലവാരം സംബന്ധിച്ച് എൻഎബിഎൽ, എഫ്എസ്എസ്എഐ അംഗീകൃതമായ ലബോറട്ടറിയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് വിതരണക്കാർക്ക് നിർദേശമുണ്ട്. നെയ്യുടെ സാമ്പിളുകൾ കൃത്യമായ ലാബ് പരിശോധനകൾക്ക് വിധേയമാക്കണമെന്നാണ് ടിടിഡി നിർദേശിക്കുന്നത്. ഇത്രയും കർശനമായ വ്യവസ്ഥകൾ ഉണ്ടെന്നിരിക്കെ 2023 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെ വിതരണം ചെയ്ത നെയ്യിലെ മായം കണ്ടെത്താൻ സാധിച്ചിട്ടില്ല. നെയ്യ് വിതരണം ചെയ്തയാൾക്ക് ബോധപൂർവ്വമായ ഇളവുകൾ നൽകിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
മായം കലർന്ന് നെയ്യ് വിതരണം ചെയ്തതിന്റെ പേരിൽ എആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇവർക്കെതിരെ നിയമനടപടികളും ടിടിഡി ആരംഭിച്ചിട്ടുണ്ട്. എന്നാൽ മായം ചേർത്തുവെന്ന ആരോപണം നിഷേധിച്ച് എആർ കമ്പനി രംഗത്തെത്തിയിട്ടുണ്ട്.
കർണാടകയിൽ നിന്നുള്ള നന്ദിനി നെയ്യാണ് പ്രസാദത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ നന്ദിനിയുടെ വില ഉയർത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് 2023 ജൂലൈയിൽ എആർ ഡയറി ഫുഡ്‌സിന് കരാർ ലഭിക്കുന്നത്. കുറഞ്ഞ നിരക്കിൽ നെയ്യ് ലഭിക്കുന്നതിനാണ് എആർ ഡയറിക്ക് കരാർ നൽകുകകയും, നന്ദിനിയുടെ നെയ്യ് ഒഴിവാക്കുകയും ചെയ്തത്. കിലോയ്‌ക്ക് 320 രൂപ നിരക്കിലാണ് ഇവർ നെയ്യ് നൽകിയത്.
2024 ജൂണിൽ ടിടിഡി എക്‌സിക്യൂട്ടീവ് ഓഫീസറായി ജെ എസ് റാവുവിന് ചന്ദ്രബാബു നായിഡു നിയമനം നൽകി. തുടർന്ന് ജൂലൈയിൽ നെയ്യിന്റെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് വലിയ രീതിയിൽ മായം കണ്ടെത്തിയത്. ലാബ് റിപ്പോർട്ടിൽ മൃഗക്കൊഴുപ്പിന്റേയും മീൻ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ എആർ ഡയറി ഫുഡ്‌സുമായിട്ടുള്ള കരാർ റദ്ദാക്കാൻ നിർദേശം നൽകി. ഓഗസ്റ്റിൽ വീണ്ടും നന്ദിനിക്ക് തന്നെ കരാർ നൽകുകയായിരുന്നു. കിലോയ്‌ക്ക് 470 രൂപ നിരക്കിലാണ് നന്ദിനി ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത്.















