തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമായ തിരുപ്പതിയിൽ നടന്ന ആചാരലംഘനം ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരും മറ്റൊരാളുടെ ഭക്ഷണ ശീലങ്ങൾ നിശ്ചയിക്കാൻ അധികാരമുള്ളവരല്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു.
മതവിശ്വാസത്തെ മാത്രമല്ല പൊതുജനത്തെ ബാധിക്കുന്ന ഈ വിഷയത്തിന് വലിയ പ്രാധാന്യമുണ്ട്. വീണ്ടും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതെ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
വൈഎസ്ആർ കോൺഗ്രസിന്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാൻ ഉപയോഗിച്ച നെയ്യിന് ഗുണനിലവാരം ഇല്ലെന്നും, ഇതിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. നെയ്യിന്റെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് മൃഗക്കൊഴുപ്പിന്റേയും മീൻ എണ്ണയുടേയും സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.