ബെംഗളൂരു: തിരുപ്പതി തിരുമല ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും നൽകുന്ന പ്രസാദങ്ങളും പരിശോധിക്കാൻ നിർദേശം നൽകി കർണാടക മന്ത്രി രാമലിംഗ റെഡ്ഡി. കർണാടക മിൽക്ക് ഫെഡറേഷൻ തയ്യാറാക്കുന്ന നന്ദിനി നെയ്യ് മാത്രമേ ക്ഷേത്രങ്ങളിലെ പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കാവൂ എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
തിരുപ്പതി ക്ഷേത്രത്തിലും ലഡ്ഡു നിർമ്മാണത്തിന് നന്ദിനി നെയ്യ് ആണ് ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ പിന്നീട് ഇതിന് വില കൂടുതലാണെന്ന് കാണിച്ചാണ് എആർ ഡയറി ഫുഡ്‌സിന് 2023ൽ കരാർ നൽകുന്നത്. കുറഞ്ഞ വിലയ്‌ക്കാണ് ഇവർ ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിരുന്നത്. പിന്നീട് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയതിന് ശേഷമാണ് നെയ്യിന്റെ ഗുണനിലവാരത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന കാര്യം കണ്ടെത്തുന്നത്. ഇതോടെ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യ് വാങ്ങുന്നതിനുള്ള ടെൻഡർ വീണ്ടും നന്ദിനിക്ക് തന്നെ നൽകുകയായിരുന്നു.
അതേസമയം നിലവിൽ ക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ലഡ്ഡുവിനെ കുറിച്ച് ആശങ്കകൾ വേണ്ടെന്നും, ഗുണനിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ച് തയ്യാറാക്കിയ ലഡ്ഡു ഇപ്പോൾ വിതരണം ചെയ്യുന്നില്ലെന്നും തിരുപ്പതി തിരുമല ദേവസ്ഥാനം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. വിൽപ്പന കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് വിഷയത്തിൽ വ്യക്തത വരുത്തി അധികൃതർ രംഗത്തെത്തിയത്. പൂർണമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവയുടെ നിർമ്മാണമെന്നും, തികഞ്ഞ പരിശുദ്ധിയോടെയാണ് ഇവ ഇപ്പോൾ ഭക്തർക്കായി നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.















