ഷിരൂർ: ഉത്തര കന്നടയിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി നടത്തുന്ന തെരച്ചിൽ പുരോഗമിക്കുമ്പോൾ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ. രണ്ട് ടയറുകളുടെ ഭാഗമാണ് കണ്ടെത്തിയത്. എന്നാൽ ഇത് അർജുൻ ഓടിച്ച ലോറിയുടേതാണോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.
നാവികസേന സിപി4 എന്ന് അടയാളപ്പെടുത്തിയ ഇടത്തിൽ നിന്നും 30 മീറ്റർ അകലെ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഏകദേശം 15 അടി താഴ്ചയിലായിരുന്നു ഇത് കിടന്നിരുന്നതെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി. ലോറി തലകീഴായി മറിഞ്ഞു കിടക്കുകയാണെന്നും ഇത് പുറത്തെടുത്താൽ മാത്രമേ ആരുടെ ലോറിയെന്ന കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും മനാഫ് പറഞ്ഞു.
ഇന്നലെ നടത്തിയ പരിശോധനയിൽ ട്രക്കിന്റെ ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തിയിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് വിശദമായ തെരച്ചിൽ നടക്കുന്നത്. ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധയാണ് നിലവിൽ ഗംഗാവലി പുഴയിൽ പുരോഗമിക്കുന്നത്.















