ലോക പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). പരിശുദ്ധിയോടെയാണ് നിലവിൽ ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. മായം കലർന്ന നെയ്യ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിലാണെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള പറഞ്ഞു.
നെയ്യിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിന്റെ (എൻഡിഡിബി) ഡിസംബറിലോ ജനുവരിയിലോ പ്രവർത്തനക്ഷമമായേക്കും. അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പാക്കുമെന്ന് ശ്യാമള റാവു പറഞ്ഞു.
300 വർഷത്തിലേറെ പഴക്കമുള്ള പുരാതന ക്ഷേത്രമായ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ലഡ്ഡു. ഇതിനായി ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മീൻ എണ്ണയും ചേർത്തിട്ടുണ്ടെന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോപണങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കണെമന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൽഹാദ് ജോഷി ആവശ്യപ്പെട്ടു.















