ന്യൂഡൽഹി: വ്യോമസേനയുടെ പുതിയ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗിനെ പ്രഖ്യാപിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. നിലവിൽ ചുമതലയിലുള്ള എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സെപ്റ്റംബർ 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് അമർ പ്രീത് സിംഗിനെ നിയമിക്കുന്നത്. 5,000 ഫ്ലൈയിംഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സിംഗ് നിലവിൽ എയർ സ്റ്റാഫിന്റെ വൈസ് ചീഫ് ആണ്.
1964 ഒക്ടോബർ 27ന് ജനിച്ച അമർ പ്രീത് സിംഗ് വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് വിഭാഗത്തിലേക്ക് 1984 ഡിസംബറിലാണ് കമ്മീഷൻ ചെയ്യപ്പെട്ടത്. നാൽപ്പത് വർഷത്തെ കരിയറിനിടെ നിരവധി ചുമതലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്നിന് വ്യോമസേനയുടെ 47-ാമത് ഉപമേധാവിയായി എയർ മാർഷൽ അമർ പ്രീത് സിംഗ് നിയമിതനായി. 2023ൽ പരം വിശിഷ്ട സേവാ മെഡലും 2019ൽ അതിവിശിഷ്ട സേവാ മെഡലും സ്വന്തമാക്കിയിട്ടുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവവിദ്യാർത്ഥിയാണ്.















