ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഉച്ചയ്‌ക്ക് രാജ്‌നിവാസിൽ നടന്ന ചടങ്ങിലാണ് അതിഷിയും മറ്റ് മന്ത്രി സഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തത്. അതിഷിക്ക് പുറമെ ഗോപാൽ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പുതിയ മന്ത്രിസഭയിലെ പുതുമുഖമാണ് മുകേഷ് കുമാർ അഹ്‌ലാവത്. ബാക്കിയുള്ള നാല് പേരും നേരത്തെ കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്നവരാണ്. 7 അംഗങ്ങളായിരുന്നു കെജ്‌രിവാൾ മന്ത്രിസഭയിലുണ്ടായിരുന്നതെങ്കിൽ അതിഷി മന്ത്രിസഭയിൽ ഇത് 6 പേരായി ചുരുങ്ങി.
മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ ജാമ്യവ്യവസ്ഥകൾ തടസമാകുമെന്നതിനാലാണ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അടക്കമുള്ളവർ അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്‌ക്കുകയായിരുന്നു. അതിഷിയെ മുഖ്യമന്ത്രിയാക്കുന്നതിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതിയും ആം ആദ്മി പാർട്ടി തേടിയിരുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.















