നിരവധി രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇന്ത്യ. ചൈന, ഭൂട്ടാൻ, നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് , മ്യാൻമർ എന്നിവയുമായാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്. അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ ജീവിതം തീർത്തും വ്യത്യസ്തമാണ്. അത്തരത്തിലൊരു ഗ്രാമത്തെ പരിചയപ്പെടാം. മോൺ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ ലോങ്‌വ നിരവധി പ്രത്യേകതകളുള്ളതാണ്.
ഇന്ത്യയുടെയും മ്യാൻമറിന്റെയും ഇടയിലാണ് ലോങ്‌വ ഗ്രാമം. ഇത് രണ്ട് രാഷ്‌ട്രങ്ങളുടെയും അതിർത്തികൾ പങ്കിടുന്നു. ഇവിടെ താമസിക്കുന്നവർ, ഒരു രാജ്യത്ത് ഭക്ഷണം കഴിക്കുകയും മറ്റൊരു രാജ്യത്ത് ഉറങ്ങുകയുമാണ്. കാരണം അവരുടെ വീടുകളും വയലുകളും രണ്ട് രാജ്യങ്ങൾക്കിടയിൽ വിഭജിച്ചിരിക്കുന്നു. അന്താരാഷ്‌ട്ര അതിർത്തി ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഗ്രാമ തലവന്റെ വീട് ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിഭജിക്കുന്നു.
ലോങ്‌വയെ കൂടുതൽ അസാധാരണമാക്കുന്നത് അവിടുത്തെ നിവാസികൾ ഇരട്ട പൗരത്വം ആസ്വദിക്കുന്നു എന്നതാണ്. വിസയുടെ ആവശ്യമില്ലാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ സഞ്ചരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. ഗ്രാമവാസികൾക്ക് ഇന്ത്യയ്‌ക്കും മ്യാൻമറിനും ഇടയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സ്വതന്ത്രമായി ചുറ്റിക്കറങ്ങാം. ചില ഗ്രാമീണർ മ്യാൻമർ സൈന്യത്തിലെ അംഗങ്ങളാണ്. ഇത് ഇരു രാജ്യങ്ങളുമായി സമൂഹത്തിന് ഉള്ള അടുത്ത ബന്ധത്തെ എടുത്തുകാണിക്കുന്ന ഒരു അപൂർവ സാഹചര്യമാണ്. സമ്പന്നമായ സംസ്കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട കൊന്യാക് ഗോത്രത്തിൽ പെട്ടവരാണ് ലോങ്‌വയിലെ ജനങ്ങൾ.















