തൃശൂർ: പൂരം കലക്കിയ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എംആർ അജിത്കുമാർ. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോർട്ട് നൽകിയത്. ഒരാഴ്ചയ്‌ക്കകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട റിപ്പോർട്ട് 5 മാസമായിട്ടും പുറംലോകം കാണാതായപ്പോൾ വിവാദം കടുത്തിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാണ എഡിജിപിയോട് ഡിജിപി നിർദേശിച്ചു. ഇതോടെയാണ് ശനിയാഴ്ച വൈകിട്ട് മുദ്രവച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. ഡിജിപി നാളെ റിപ്പോർട്ട് പരിശോധിക്കും.
പൂരം കലക്കിയ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകിയതും വിവാദമായി. റിപ്പോർട്ട് പുറത്തുവരാത്തതിൽ വിമർശനം കടുത്തതിനിടെയാണ് ഉടൻ കൈമാറാൻ ഡിജിപി കർശന നിർദേശം നൽകിയത്. ചരിത്രത്തിലാദ്യമായി പൂരം നടത്തിപ്പ് നിർത്തിവയ്‌ക്കേണ്ടി വന്ന സംഭവമാണ് അന്വേഷണത്തിനാധാരം. സംഭവവുമായി ബന്ധപ്പെട്ട് നാല് പരാതികളാണ് ലഭിച്ചിരുന്നത്.