ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ക്വാഡ് നേതാക്കൾ. മേഖലയിലെ സൈനിക നീക്കങ്ങളെ എതിർത്ത നേതാക്കൾ വിഭവ ചൂഷണങ്ങളിൽ ആശങ്ക അറിയി്ക്കുകയും ചെയ്തു. സമുദ്ര അതിർത്തി തർക്കങ്ങൾ സമാധാനപരമായും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചു കൊണ്ടും പരിഹരിക്കപ്പെടണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി, ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണ ചൈന കടലിൽ അപകടകരമായ രീതിയിൽ സൈനിക പ്രവർത്തനങ്ങൾ വർദ്ധിച്ച് വരുന്നതായി നേതാക്കൾ പറഞ്ഞു. സമുദ്രമേഖലയിൽ സമാധാനവും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കണമെന്നതിലും, അന്താരാഷ്‌ട്ര നിയമങ്ങൾ പിന്തുടരണം എന്നതിലും കൃത്യമായ നിലപാടുണ്ടെന്നും വ്യക്തമാക്കി.
പസഫിക് ദ്വീപ് രാഷ്‌ട്രങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ” ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഞങ്ങൾ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. മേഖലയിലെ വെല്ലുവിളികളെ ശക്തമായി തന്നെ പ്രതിരോധിക്കും. ഇന്ത്യൻ ഓഷൻ റിം അസോസിയേഷൻ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ശ്രീലങ്കയ്‌ക്ക് നന്ദി അറിയിക്കുകയാണ്. 2025ൽ ഇന്ത്യ ഇതിന്റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിര വികസനത്തിനായി ക്വാഡ് രാജ്യങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുമെന്നും” നേതാക്കൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
തായ്‌വാന് മേൽ ചൈന ഉയർത്തുന്ന സമ്മർദ്ദതന്ത്രങ്ങളിലും, ദക്ഷിണ ചൈന കടലിടുക്കിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാനുള്ള ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരെ ക്വാഡ് വിദേശകാര്യമന്ത്രിമാർ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. 1949 മുതൽ തായ്‌വാൻ സ്വതന്ത്രമായി നിൽക്കുന്ന രാഷ്‌ട്രമാണ്. എന്നാൽ തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ചൈന അവർക്ക് മേൽ കടന്നു കയറ്റത്തിന് ശ്രമിക്കുന്നത്.















