തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിൽ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്ന് എഡിജിപി എം ആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ നടന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ ഏകോപനത്തിൽ വന്ന പാളിച്ചയാണ് പൂരം അലങ്കോലമായതിന് പിന്നിലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ പൂർണരൂപം ഇന്നലെ ഡിജിപിക്ക് കൈമാറിയിരുന്നു.
തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ വൈകിയതിൽ പ്രതിഷേധങ്ങൾ ഉയർന്നെന്നും എന്നാൽ ഗൂഢാലോചനയോ മറ്റ് ബാഹ്യ ശക്തികളുടെ ഇടപെടലുകളോ പൂരം അലങ്കോലമായതിന് പിന്നിലില്ലെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പൂരത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അങ്കിത് അശോകന്റെ ഏകോപനത്തിൽ വൻ പാളിച്ചകൾ സംഭവിച്ചു. മലയാളിയായിട്ടും ഉത്സവത്തിന്റെ ചടങ്ങുകൾ നടത്തേണ്ടതെങ്ങനെയെന്ന് കമ്മീഷണർക്ക് മനസിലായില്ല. കമ്മീഷണർ ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയില്ലെന്നും പൂരം അലങ്കോലമാകുന്ന സാഹചര്യത്തിലും സ്ഥലത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്നും അജിത് കുമാർ കുറ്റപ്പെടുത്തി.
പൂരവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങൾ ദേവസ്വം ബോർഡും പൊലീസും ജനപ്രതിനിധികളും സംസാരിച്ച് ശേഷം ഒത്തുതീർപ്പാക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അതുണ്ടായില്ലെന്നും പൂരം പൂർത്തിയാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് അജിത് കുമാർ, ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം കലക്കിയ സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് പുറത്തുവരാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു.